കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന ഗോവിന്ദച്ചാമി ജയിൽ ചാടാൻ നടത്തിയത് വൻ ആസൂത്രണം. ജയിൽ ചാടി പിടിക്കപ്പെട്ടതിന് പിന്നാലെ പൊലീസിന് നൽകിയ മൊഴിയിൽ ഉൾപ്പെടെ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒരു വർഷത്തോളമായി ജയിൽ ചാട്ടാനുള്ള പ്രവർത്തനങ്ങൾ ഗോവിന്ദച്ചാമി ചെയ്തിരുന്നു എന്നാണ് വിവരം. ഇതിനായി പലതവണ ഉദ്യോഗസ്ഥരുടെ കരുതൽ ഉൾപ്പെടെ ഇയാൾ പരിശോധിച്ചിരുന്നു.
ശിക്ഷയിൽ ഇളവ് കിട്ടില്ലെവന്ന് കണ്ടതോടെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടാൻ പദ്ധതി ആസൂത്രണം ചെയ്തത്. വാർഡൻമാർ ഉൾപ്പെടെയുള്ളവർ പലപ്പോഴും അശ്രദ്ധമായി കാര്യങ്ങൾ കൈകാര്യം ചെയ്തത് അഴിമുറിയ്ക്കാൻ ഉൾപ്പെടെ സഹായകരമായി. ഉദ്യോഗസ്ഥറുടെ ശ്രദ്ധ പരിശോധിക്കാൻ സെല്ലിൽ നിന്നും ഗ്ലാസും പേപ്പറും ഉൾപ്പെടെ വലിച്ചെറിഞ്ഞിരുന്നു എന്നും റിപ്പോർട്ടുകൾ ഗോവിന്ദച്ചാമിയുടെ മൊഴിയിലുണ്ടെവന്നാണ് സൂചനകൾ.
ഗോവിന്ദച്ചാമിയെ പിടികൂടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരങ്ങളിലും ഇയാളുടെ ആസുത്രണം സംബന്ധിച്ച് സൂചനകൾ നൽകുന്നുണ്ട്. രക്ഷപ്പെടുന്നതിന് ഏകദേശം 20 ദിവസം മുമ്പാണ് ഗോവിന്ദച്ചാമി കമ്പികൾ മുറിക്കാൻ തുടങ്ങിയതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. മഴ പെയ്ത സമയത്തായിരുന്നു കമ്പി അറുക്കാൻ ശ്രമിച്ചത്. ശബ്ദം പുറത്തറിയാതിരിക്കാൻ ആയിരുന്നു ഇത്. പരിശോധനയിൽ കേടുപാടുകൾ ശ്രദ്ധയിൽപെടാതിരിക്കാൻ കമ്പികൾ ഭാഗികമായി മാത്രമാണ് മുറിച്ചുവച്ചത്. രക്ഷപ്പെട്ട ദിവസം മാത്രമാണ് ബാക്കിഭാഗം മുറിച്ച് കമ്പി വളച്ച് പുറത്ത് കടന്നത്.
അഴികൾക്കിടയിലൂടെ പുറത്തുകടക്കാൻ വേണ്ടിയാണ് ഇയാൾ ശരീരഭാരം കുറച്ചതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. ഒരുവർഷമായി ഇതിനായി ഭക്ഷണ നിയന്ത്രണം നടത്തി. ചപ്പാത്തിമാത്രമായിരുന്നു കഴിച്ചത്. ഇടക്കാലത്ത് തടിച്ച് ആരോഗ്യവാനെന്ന് തോന്നിച്ചിരുന്ന ഗോവിന്ദച്ചാമി ഇപ്പോൾ കാണുന്ന നിലയിൽ എല്ലുന്തിയ നിലയിലേക്ക് മാറിയത് രക്ഷപ്പെടാൻ ഉള്ള പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. പിടിക്കപ്പെടുന്ന സമയത്തെ രൂപത്തിലേക്ക് മാറാൻ മാസങ്ങളായി ഷേവ് ചെയ്തിരുന്നില്ല. ഇതിനായി ബ്ലേഡ് അലർജിയാണെന്ന് പറഞ്ഞതായിരുന്നു ഇളവ് വാങ്ങിയത്. ജയിൽ ചാടിയാൽ തിരിച്ചറിയാതിരിക്കാൻ വേണ്ടിയായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഇതിനൊപ്പം കണ്ണൂർ സെൻട്രൽ ജയിലിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗോവിന്ദച്ചാമി കൃത്യമായി മനസിലാക്കിയിരുന്നു എന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു.