തിരുവനന്തപുരം: ഇരട്ട ന്യുനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കാലവർഷം സജീവമായി. ഇന്നുമുതൽ വെള്ളിയാഴ്ച വരെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രവും ശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്രമഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ( തിങ്കളാഴ്ച) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് ശക്തമായ മഴയാണ് കണക്കുകൂട്ടുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച എവിടെയും തീവ്രമഴ മുന്നറിയിപ്പ് ഇല്ല. എന്നാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകൡ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും വ്യാഴാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ പ്രവചിക്കുന്നത്.
ചൊവ്വാഴ്ച തെക്കൻ ജില്ലകളും മധ്യകേരളവും ഒഴികെയുള്ള ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. എന്നാൽ ബുധനാഴ്ചയും വ്യാഴാഴ്ചയും വെള്ളിയാഴ്ചയും തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്.
മധ്യ പ്രദേശിനും പശ്ചിമ ബംഗാളിനും മുകളിലായാണ് ഇരട്ട ന്യുനമർദ്ദം സ്ഥിതി ചെയ്യുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടൽ, വടക്ക് പടിഞ്ഞാറൻ പസഫിക് സമുദ്രങ്ങൾ സജീവമാകുന്നതിന് അനുസരിച്ചു മഴയിൽ വർധനയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.