ലണ്ടൻ: രണ്ടാം ഇന്നിംഗ്‌സിൽ കുറഞ്ഞ സ്‌കോറിൽ ഇംഗ്ലണ്ടിനെ പുറത്താക്കി എളുപ്പത്തിൽ വിജയിക്കാമെന്ന് കരുതിയ ഇന്ത്യൻ ടീമിന്റെ നാലുവിക്കറ്റുകൾ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടതോടെ ലോഡ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ ക്ലൈമാക്‌സിലേക്ക്. 193 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഇന്ത്യ, നാലാം ദിനം കളി നിർത്തുമ്പോൾ 17.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 58 റൺസ് എന്ന നിലയിലാണ്.
ആറു വിക്കറ്റും ഒരു ദിവസത്തെ കളിയും ബാക്കിനിൽക്കെ ഇന്ത്യയ്ക്ക് തുടർച്ചയായി രണ്ടാം ടെസ്റ്റും ജയിക്കണമെങ്കിൽ 135 റൺസ് കൂടി വേണം. 47 പന്തിൽ ആറു ഫോറുകളോടെ 33 റൺസുമായി ഓപ്പണർ കെ എൽ രാഹുൽ ക്രീസിലുള്ളതാണ് ഇന്ത്യയുടെ ഏക ആശ്വാസം. ഋഷഭ് പന്ത്, നിതീഷ് റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൻ സുന്ദർ എന്നിവർ ഇറങ്ങാനുമുണ്ട്.
എളുപ്പം ജയിക്കാം എന്ന ആത്മവിശ്വാസത്തോടെ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ യശസ്വി ജയ്‌സ്വാളിനെ (ഏഴു പന്തിൽ 0) നഷ്ടമായി. കരുൺ നായർ (33 പന്തിൽ ഒരു ഫോർ സഹിതം 14), ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (ഒൻപതു പന്തിൽ ഒരു ഫോർ സഹിതം ആറ്), നൈറ്റ് വാച്ച്മാനായി സ്ഥാനക്കയറ്റം നൽകി അയച്ച ആകാശ്ദീപ് (11 പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബ്രൈഡൻ കാഴ്‌സ് നാല് ഓവറിൽ 11 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് എന്നിവർക്ക് ഓരോ വിക്കറ്റും ലഭിച്ചു.
നേരത്തെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് പോരാട്ടം 192ൽ അവസാനിച്ചു. 4 വിക്കറ്റുകൾ വീഴ്ത്തി ഇത്തവണ വാഷിങ്ടൻ സുന്ദറാണ് ഇംഗ്ലണ്ടിനെ തകർത്തത്. പൊരുതി നിന്ന ജോ റൂട്ട്, അപകടകാരിയായ ജാമി സ്മിത്ത്, പിടിച്ചു നിൽക്കാൻ ശ്രമിച്ച ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരുടെ നിർണായക വിക്കറ്റുകൾ വാഷിങ്ടൻ സ്വന്തമാക്കി. നാല് പേരേയും താരം ക്ലീൻ ബൗൾഡാക്കി.
ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി. നിതീഷ് കുമാർ റെഡ്ഡി, ആകാശ് ദീപ് എന്നിവർ ഓരോ വിക്കറ്റെടുത്തു. ഇംഗ്ലണ്ടിനായി ജോ റൂട്ട് 40 റൺസെടുത്ത് ടോപ് സ്‌കോററായി. ബെൻ സ്റ്റോക്സ് 33 റൺസ് കണ്ടെത്തി.
87 റൺസ് ചേർക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ശേഷം ഇംഗ്ലണ്ട് തിരിച്ചു വരവിന്റെ പാതയിലായിരുന്നു. എന്നാൽ 150 റൺസ് പിന്നിട്ടതിനു പിന്നാലെ ഇംഗ്ലണ്ടിനു 6 വിക്കറ്റുകൾ നഷ്ടമായി. ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനു കരുത്തായി നിന്ന ജോ റൂട്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് നേരെയാക്കാൻ ശ്രമിച്ചെങ്കിലും വാഷിങ്ടൻ സുന്ദർ റൂട്ടിനെ ക്ലീൻ ബൗൾഡാക്കി ഇംഗ്ലണ്ടിന്റെ പ്രതിരോധം തകർത്തു. പിന്നാലെ താരം അപകടകാരിയായ ജാമി സ്മിത്തിനേയും മടക്കി ഇംഗ്ലണ്ടിനെ കൂടുതൽ സമ്മർദ്ദത്തിലേക്ക് തള്ളിയിട്ടു. ജാമി സ്മിത്ത് 8 റൺസുമായി പുറത്തായി. അടുത്ത വരവിലാണ് വാഷിങ്ടൻ സ്റ്റോക്സിനെ പുറത്താക്കിയത്. ഒടുവിൽ ഷൊയ്ബ് ബഷീറിനേയും ക്ലീൻ ബൗൾഡാക്കി വാഷിങ്ടൻ ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.
നാലാം ദിനം ഒന്നാം സെഷനിൽ ഓപ്പണർ ബെൻ ഡക്കറ്റിനെ പുറത്താക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. പിന്നാലെ മൂന്നാമൻ ഒലി പോപ്പിനേയും സിറാജ് മടക്കി. മികച്ച രീതിയിൽ മുന്നോട്ടു പോയ ഓപ്പൺ സാക് ക്രൗളിയെ വീഴ്ത്തി നിതീഷ് കുമാർ റെഡ്ഡിയും ഇംഗ്ലണ്ടിനു പ്രഹരമേൽപ്പിച്ചു. ഹാരി ബ്രൂക്ക് പ്രത്യാക്രമണത്തിലേക്ക് കടന്നപ്പോഴാണ് ആകാശ് ദീപിന്റെ നിർണായക സ്‌ട്രൈക്ക്.
ഹാരി ബ്രൂക്ക് ഇന്ത്യയെ കടന്നാക്രമിക്കാൻ തുടങ്ങിയപ്പോഴാണ് ആകാശ് താരത്തെ ക്ലീൻ ബൗൾഡാക്കിയത്. 4 ഫോറും ഒരു സിക്‌സും സഹിതം 19 പന്തിൽ 23 റൺസുമായി നിൽക്കുമ്പോഴാണ് ബ്രൂക്കിന്റെ വീഴ്ച.
വിക്കറ്റ് നഷ്ടമില്ലാതെ 2 റൺസ് എന്ന നിലയിൽ നാലാം ദിനം തുടങ്ങിയ ഇംഗ്ലണ്ടിനു സ്‌കോർ 22 ൽ എത്തിയപ്പോഴാണ് ഡക്കറ്റിനെ നഷ്ടമായത്. താര 12 റൺസെടുത്തു. പിന്നാലെ ഒലി പോപ്പും മടങ്ങി. താരം 4 റൺസിൽ പുറത്തായി. സാക് ക്രൗളി 22 റൺസിലും വീണു. സ്‌കോർ 50ൽ എത്തുമ്പോഴേക്കും മൂന്ന് പേർ കൂടാരം കയറി. പിന്നാലെ ഇംഗ്ലണ്ടിനെ കരകയറ്റാനുള്ള ദൗത്യവുമായി എത്തിയ ബ്രൂക്ക് ഒന്നാളിയെങ്കിലും പെട്ടെന്നു കത്തി തീർന്നു.
നേരത്തെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 387 റൺസിൽ അവസാനിപ്പിച്ച ഇന്ത്യയും ഒന്നാം ഇന്നിങ്‌സിൽ ഇതേ സ്‌കോറിലാണ് നിന്നത്. ഇന്ത്യക്കായി കെഎൽ രാഹുൽ സെഞ്ച്വറി നേടി. ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ എന്നിവർ അർധ സെഞ്ച്വറിയും കണ്ടെത്തി. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന്റെ 5 വിക്കറ്റുകൾ വീഴ്ത്തി ജസ്പ്രിത് ബുംറ ഇന്ത്യൻ ബൗളർമാരിൽ തിളങ്ങി.
രാഹുൽ 100 റൺസെടുത്തു മടങ്ങി. താരത്തിന്റെ പത്താം ടെസ്റ്റ് സെഞ്ച്വറിയാണിത്. പന്ത് 74 റൺസും കത്തും ഫോമിൽ ബാറ്റ് വീശുന്ന രവീന്ദ്ര ജഡേജ 72 റൺസും അടിച്ചെടുത്തു. കരുൺ നായർ 40 റൺസും നിതീഷ് കുമാർ 30 റൺസും എടുത്തു.