രാമായണ പുനരാഖ്യാനങ്ങളുടെ കവി വട്ടംകുളം ശങ്കുണ്ണി അന്തരിച്ചു; വിട പറഞ്ഞത് രാമായണ മാസത്തലേന്ന്


മലപ്പുറം: കവിയും പ്രഭാഷകനും ആത്മീയാചാര്യനും റിട്ട. അധ്യാപകനുമായ വട്ടംകുളം ശങ്കുണ്ണി (എരുവപ്ര വടക്കത്ത് വളപ്പിൽ ശങ്കുണ്ണി നായർ-87) അന്തരിച്ചു. ബുധനാഴ്ച 11 മണിയോടെ മലപ്പുറം എടപ്പാൾ ശുകപുരം ആശുപത്രിയിലായിരുന്നു അന്ത്യം.



രാമായണവും മഹാഭാരതവും സാധാരണക്കാരൻ വായിക്കുകയും പഠിക്കുകയും വേണമെന്നാഗ്രഹിച്ച ശങ്കുണ്ണി അവയെ ലളിതമാക്കി ചെറു പുസ്തകങ്ങളാക്കി ജനങ്ങൾക്ക് നൽകി. കർക്കടകമാസം മുഴുവൻ വായിക്കാനായി ലളിതമായ പുസ്തകമുണ്ടാക്കിയതിനൊപ്പം നാടൻഭാഷയിൽ രാമായണത്തെ തർജമചെയ്ത് പുതുമ കണ്ടെത്താനും അദ്ദേഹം സമയം കണ്ടെത്തി. മഹാകവി അക്കിത്തത്തോടൊപ്പം എടപ്പാളിലെ തപസ്യയുടെ പ്രവർത്തനങ്ങളിലും മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങളിലും എന്നും വട്ടംകുളം ശങ്കുണ്ണിയും സജീവമായിരുന്നു. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രത്തിൽ മൂന്നു പതിറ്റാണ്ടായി നടക്കുന്ന പത്തുദിവസം നീളുന്ന സംഗീതോത്സവത്തെ അറിയപ്പെടുന്ന സംഗീതവിരുന്നാക്കി മാറ്റിയതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


തപസ്യ കലാസാഹിത്യവേദി ജില്ലാ പ്രസിഡന്റ്, തപസ്യ എടപ്പാൾ യൂണിറ്റ് പ്രസിഡന്റ്, പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ചെണ്ട, കുറ്റിപ്പുറം പാലത്തിനു മുന്നിൽ, രാമായണയാത്ര, രാമായണ പൊരുൾ, രാമായണമുത്തുകൾ, ആറിൻവഴി, ഒരു പോക്കറ്റ് രാമായണം, നാടോടി രാമായണം, സാധാരണക്കാരന്റെ ഭഗവത്ഗീത, രാമായണകഥകൾ തുടങ്ങിയ പുസ്തകങ്ങൾ രചിച്ചു. എം ടി വേണു തപസ്യ നവരാത്രി പുരസ്‌കാരം, കാൻഫെഡ് പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ നേടി.


രാമായണത്തെ അത്രയേറെ സ്നേഹിച്ച വട്ടംകുളം ശങ്കുണ്ണി അന്തരിച്ചത് രാമായണ മാസത്തലേന്നാണ്. ശുകപുരം കുളങ്കര ഭഗവതീക്ഷേത്രം, ഉദിയന്നൂർ അയ്യപ്പക്ഷേത്രം തുടങ്ങി പ്രദേശത്തെ പല ക്ഷേത്രങ്ങളിലും അടുത്തകാലംവരെ രാമായണ പാരായണം സ്ഥിരമായി നടത്തിയിരുന്നത് ഇദ്ദേഹമായിരുന്നു.


പരേതരായ കടാട്ട് ഗോവിന്ദൻനായരുടെയും കല്യാണിയമ്മയുടെയും മകനായി 1938-ൽ ജനനം. മലയാളം അധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. വിവിധ പ്രസിദ്ധീകരണങ്ങളിൽ കവിതകളും ലേഖനങ്ങളുമെഴുതിയിരുന്നു. വിരമിച്ചശേഷം സാഹിത്യ-സാംസ്‌കാരിക പ്രവർത്തനങ്ങളിൽ സജീവമായി. മഹാകവി അക്കിത്തമടക്കമുള്ളരോടൊപ്പം പ്രദേശത്തെ മിക്ക സാഹിത്യസദസ്സുകളിലും കവിയരങ്ങുകളിലും സ്ഥിരസാന്നിധ്യമായിരുന്നു. ഭക്തികവിതകളും സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരേയുള്ള സാമൂഹികപ്രതിബദ്ധതയുള്ള കവിതകളുമെല്ലാം എഴുതി. ആത്മീയ രംഗത്തും ശ്രദ്ധേയനായി. ഒട്ടേറെ ഭക്തിപ്രഭാഷണങ്ങൾ നടത്തി. ഭാര്യ: പരേതയായ സുലോചന. മക്കൾ: പ്രിയ (അധ്യാപിക, ജിജെബിഎസ് വട്ടംകുളം), രഞ്ജിത് (അധ്യാപകൻ). മരുമക്കൾ: ഹരിഗോവിന്ദൻ, ദിവ്യ.

Previous Post Next Post