ന്യൂഡൽഹി: നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. ഈ അവസ്ഥ നിർഭാഗ്യകരമാണെന്നും പരമാവധി കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും, ചെയ്യാൻ കഴിയുന്നതിന് പരിമിതിയുണ്ടെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ വെങ്കിട്ട രമണി കോടതിയെ അറിയിച്ചു. എല്ലാവിധത്തിലുമുള്ള ചർച്ചകൾ നടത്തിയതായും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.
നയതന്ത്ര ഇടപെടൽ അംഗീകരിക്കപ്പെടാത്തതിനാൽ സ്വകാര്യതലത്തിൽ ചർച്ചകൾ നടത്താനാണ് ശ്രമിക്കുന്നത്. യെമനിൽ സ്വാധീനമുള്ള ആളുകൾ വഴിയാണ് ചർച്ച നടത്തുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ചെയ്യാവുന്ന കാര്യങ്ങൾ എല്ലാം ചെയ്യുന്നുണ്ട്. വധശിക്ഷ നടപ്പാക്കുകയാണെങ്കിൽ അത് ഏറെ ദുഃഖകരമാണെന്നും നല്ലത് സംഭവിക്കട്ടെയെന്ന് കാത്തിരിക്കാം എന്ന് സുപ്രീം കോടതി പറഞ്ഞു. അനൗദ്യോഗിക ആശയവിനിമയം നടക്കട്ടെയെന്നു പറഞ്ഞ സുപ്രീം കോടതി തങ്ങൾക്ക് ഒരു നിർദേശം നൽകാനാവില്ലെന്നും വ്യക്തമാക്കി. കേസ് നിരീക്ഷിക്കുകയാണെന്നു വ്യക്തമാക്കിയ കോടതി ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നിമിഷ പ്രിയയുടെ ജയിൽ മോചനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വീണ്ടും കത്തയച്ചിരുന്നു. വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നായിരുന്നു ആവശ്യം. വധശിക്ഷ 16ന് നടപ്പാക്കുമെന്ന് അറിയുന്നുവെന്നും ഉടൻ ഇടപെടണമെന്നുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്.
ജൂലൈ പതിനാറിന് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാനാണ് യെമനിലെ പബ്ലിക് പ്രോസിക്യൂട്ടർ ഉത്തരവിട്ടത്. ഉത്തരവ് ജയിലധികൃതർക്ക് കൈമാറിയിരുന്നു. 2017 മുതൽ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങൾ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയിൽ എത്തിയില്ല.
2017 ജൂലൈയിൽ യെമൻ പൗരനായ തലാൽ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമൻ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ൽ സനയിലെ വിചാരണ കോടതിയും യെമൻ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.