എംജിആറിന് ജയലളിതയിലുണ്ടായ മകള്‍, വേലക്കാരൻ വളര്‍ത്തച്ഛൻ, ശശികല കൊന്നത് കണ്ടു', മലയാളി യുവതി രംഗത്ത്.


തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന് പിന്നാലെ നിരവധി കൊലപാതക, ഗൂഢാലോചന സിദ്ധാന്തങ്ങളാണ് പുറത്ത് വന്നത്.

എല്ലാം ചുറ്റിപ്പറ്റി നിന്നത് ജയലളിതയുടെ ഉറ്റതോഴി ആയിരുന്ന ശശികലയിലായിരുന്നു. മികച്ച ചികിത്സ ലഭിക്കാതെയാണ് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ച്‌ ജയലളിത മരണപ്പെട്ടതെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടിയതും ശശികലയ്ക്ക് നേരെയാണ്.

ഇപ്പോഴിതാ തൃശൂര്‍ സ്വദേശിനിയായ സുനിത എന്ന യുവതി താന്‍ ജയലളിതയുടേയും എംജിആറിന്റെയും മകളാണ് എന്ന് അവകാശപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. ജയലളിതയെ ശശികലയും മന്നാര്‍ഗുഡി മാഫിയയും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ് എന്നും താന്‍ അത് നേരിട്ട് കണ്ടതാണ് എന്നുമാണ് സുനിത അവകാശപ്പെടുന്നത്.

ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അടങ്ങിയ കത്ത് സുനിത ചീഫ് ജസ്റ്റിസിന് കൈമാറിയിരിക്കുകയാണ്. സുനിത മാതൃഭൂമി ന്യൂസിനോട് പറഞ്ഞ കാര്യങ്ങള്‍ ഇപ്രകാരമാണ്: '' അമ്മ പറഞ്ഞത് പ്രകാരം 2016 സെപ്റ്റംബര്‍ 22ാം തിയ്യതി താന്‍ പോയസ് ഗാര്‍ഡനിലെ വീട്ടില്‍ എത്തിയപ്പോള്‍ അമ്മ മരിച്ച്‌ കിടക്കുന്നത് പോലെയാണ് തനിക്ക് തോന്നിയത്. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ തൂപ്പുകാരന്‍ വന്ന് തന്റെ വായ പൊത്തി പുറത്തേക്ക് പോകാന്‍ പറഞ്ഞു.

അമ്മയുടെ കൂടെ ബോഡി ഗാര്‍ഡുകളും വേറെ കുറച്ച്‌ പേരും നിന്നിരുന്നു. അവര്‍ തന്നെ കണ്ടില്ല. നിലത്ത് കിടന്ന അമ്മയുടെ മുഖത്ത് ശശികല ആന്റി കാല് കൊണ്ട് ചവിട്ടി നോക്കുന്നത് കണ്ടു. താന്‍ പുറത്തേക്ക് പോയി. കേരളത്തില്‍ താമസിക്കുന്നത് ഒരുപാട് വര്‍ഷമായി. എംജിആറിന്റെ വീട്ടില്‍ നിന്ന വേലക്കാരനായ മാധവന്‍ ആണ് തന്റെ വളര്‍ത്തച്ഛന്‍. അദ്ദേഹം മുഖേനയാണ് താന്‍ കേരളത്തിലേക്ക് എത്തിയത്. അന്ന് രണ്ട് മാസം മാത്രമാണ് തനിക്ക് പ്രായം.

തൃശൂരിലെ കാട്ടൂരിലാണ് സ്ഥിരതാമസം. ഇതിന് മുന്‍പ് ഇക്കാര്യം പുറത്ത് പറയാതിരുന്നത് പേടിച്ചിട്ടാണ്. അമ്മ മുഖ്യമന്ത്രിയായിരിക്കെയാണ് കൊല്ലപ്പെട്ടത്. അമ്മയെ കൊന്നവര്‍ക്ക് സാധാരണക്കാരിയായ തന്നെ എന്തും ചെയ്യാം. അമ്മയെ കൊല്ലുന്നത് കണ്ട ശേഷം താന്‍ ഒളിവില്‍ പോയിരിക്കുകയായിരുന്നു. തനിക്ക് ഉറക്കം നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങളായി. കൊല്ലുന്ന കാഴ്ച നേരിട്ട് കണ്ടത് കൊണ്ട്. തനിക്ക് പകരം വേറെ ചിലരൊക്കെയാണല്ലോ വരുന്നത്.

താന്‍ ഡല്‍ഹിയിലേക്ക് വന്നത് എച്ച്‌ആര്‍ഡിഎസിലെ സ്വാമിജിയെ കാണാനാണ്. അദ്ദേഹത്തെ കാണാനായില്ല. സെക്രട്ടറി അജി കൃഷ്ണനെ ആണ് കണ്ടത്. അദ്ദേഹമാണ് ഈ സത്യം തുറന്ന് പറയണമെന്ന് മോട്ടിവേഷന്‍ തന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ അമ്മയുടെ നല്ല ഒരു സുഹൃത്ത് ആയിരുന്നു. മോദിജി തനിക്ക് നീതി വാങ്ങിത്തരും.

തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ടില്ല. ഭയമാണ് കാരണം. തന്റെ വളര്‍ത്തച്ഛന്‍ മരിച്ച്‌ പോയി. തന്നെ തമിഴ്‌നാട്ടില്‍ നിന്ന് കൊണ്ട് വന്നതാണെന്ന് നാട്ടുകാര്‍ക്ക് അറിയാം. താന്‍ മകളാണെന്ന് അമ്മയ്ക്കും അറിയാം. പതിനെട്ടാം വയസ്സില്‍ അമ്മ തന്നെ തിരിച്ചറിഞ്ഞിരുന്നു. താന്‍ അമ്മയെ പോയി കാണാറുണ്ട്, അമ്മ തനിക്ക് സഹായങ്ങള്‍ ചെയ്ത് തന്നിട്ടുണ്ട്. അച്ഛനായ എംജിആറിനെ കണ്ടതായി ഓര്‍മയില്ല. തനിക്ക് രണ്ടര വയസ്സുളളപ്പോഴാണ് അദ്ദേഹം മരിച്ചത്.

അമ്മ തന്നോട് പറഞ്ഞത് ഒരു പത്രസമ്മേളനം വിളിച്ച്‌ മകളാണെന്ന് വെളിപ്പടുത്താം എന്നാണ്. അതായിരിക്കാം മരണത്തിലേക്ക് കൊണ്ട് പോയതെന്ന് കരുതുന്നു. അമ്മയ്ക്ക് നീതി വാങ്ങിക്കൊടുക്കാനാണ് ശ്രമം. പ്രധാനമന്ത്രിയേയും രാഷ്ട്രപതിയേയും കാണാന്‍ ശ്രമിക്കുന്നത് എന്നും സുനിത പറയുന്നു.

Previous Post Next Post