ചെങ്കടലില്‍ ഹൂതികള്‍ ആക്രമിച്ച് മുക്കിയ കപ്പലില്‍ മലയാളിയും? സഹായം തേടി കുടുംബം

ആലപ്പുഴ: ചെങ്കടലിൽ യെമനിലെ ഹൂതി വിമതർ ഈ മാസം പത്തിന് ആക്രമിച്ച് മുക്കിയ ചരക്കുകപ്പലിൽ കാണാതായ ജീവനക്കാരിൽ മലയാളിയും. കായംകുളം പത്തിയൂർ സ്വദേശി ശ്രീജാലയത്തിൽ അനിൽകുമാറിനെയാണ് കാണാതായത്. ഈ മാസം ആറിന് അനിലുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ചെങ്കടലിലേക്ക് പോവുകയാണെന്ന് അന്ന് പറഞ്ഞിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഭർത്താവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് ഭാര്യ ശ്രീജ കേന്ദ്രസർക്കാരിനെയും, കെസി വേണുഗോപാൽ എംപിയെയും സമീപിച്ചു.


ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയൻ പതാക വഹിച്ച 'എറ്റേണിറ്റി സി' എന്ന കപ്പലാണ് ഹൂതികൾ പിടിച്ചെടുത്ത് മുക്കിയത്. ഫിലിപ്പീൻസ്, ഗ്രീസ് സ്വദേശികളായ ജീവനക്കാർ ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. ഒരു മലയാളി ഉൾപ്പെടെ ആറുപേരെ യൂറോപ്യൻ നാവികസേന രക്ഷപെടുത്തിയിരുന്നു. തിരുവനന്തപുരം സ്വദേശി അഗസ്റ്റിനാണ് രക്ഷപ്പെട്ട മലയാളി. 12 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല.


ഇസ്രയേൽ തുറമുഖത്തേക്കുള്ള യാത്രയ്ക്കിടെ കപ്പൽ ആക്രമിച്ചെന്ന് ഹൂതി വക്താവ് യഹിയ സാരി പ്രസ്താവനയിൽ അറിയിച്ചിരുന്നു. ആളില്ലാ ബോട്ടും ക്രൂയിസ് ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണദൃശ്യങ്ങളും പകർത്തിയിട്ടുണ്ട്. ഇസ്രയേൽ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പലായതിനാലാണ് ആക്രമണത്തിന് കാരണമായതെന്നും യഹിയ പറഞ്ഞു. ഇസ്രയേൽ ഗാസയിൽ നടത്തുന്ന ക്രൂരതകൾക്ക് പ്രതികാരമായാണ് ചെങ്കടലിലെ ആക്രമണങ്ങൾ എന്നാണ് ഹൂതികൾ പറയുന്നത്.

Previous Post Next Post