തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് തൃശൂരിൽ പ്രഖ്യാപിച്ച വിദ്യഭ്യാസ സ്ഥാപനങ്ങൾക്കുള്ള അവധി തന്നോടൊപ്പം മാരത്തൺ ഓടിയ ഏഴാം ക്ലാസുകാരന് സമർപ്പിച്ച് തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ. സ്‌നേഹപൂർവം സൽമാന് എന്ന കാർഡിനൊപ്പമാണ് അവധി പ്രഖ്യാപിച്ച് കൊണ്ടുള്ള കലക്ടറുടെ അറിയിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ജില്ലാ ഭരണകൂടം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സെന്റ്. മേരീസ് യു പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സൽമാനും തൃശ്ശൂർ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനും പങ്കെടുത്ത ഓട്ടമത്സരം നേരത്തെ തന്നെ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എൻഡ്യൂറൻസ് അറ്റ്ലറ്റ്സ് ഓഫ് തൃശ്ശൂരിന്റെ നേതൃത്വത്തിൽ പാലപ്പിള്ളിയിൽ വച്ചു നടന്ന 12 കിലോമീറ്റർ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്ത് പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
കലക്ടർ സാറിനെ ഓടി തോൽപ്പിച്ചാൽ സ്‌കൂളിന് അവധി തരുമോ?. എന്നായിരുന്നു സൽമാൻ അന്ന് ചോദിച്ചത്. ചോദ്യം വെല്ലുവിളിയായി ഏറ്റെടുത്ത കളക്ടർ സൗഹൃദ മത്സരത്തിന് തയ്യാറാവുകയും ചെയ്തു. ഒടുവിൽ ഇരുവരും ഒന്നിച്ച് ഫിനിഷ് ചെയ്യുകയും ചെയ്തു. ഇതിന് ശേഷമാണ് അടുത്ത മഴ അവധി പ്രഖ്യാപിക്കേണ്ട സാഹചര്യം വന്നാൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച സൽമാന്റെ പേരിൽ ഡെഡിക്കേറ്റ് ചെയ്യാമെന്ന് കലക്ടർ ഉറപ്പ് നൽകിയത്.
കലക്ടറുടെ പോസ്റ്റ്-
അവധി ചോദിച്ചുകൊണ്ടുള്ള മെസ്സേജുകൾ നേരിട്ടും സാമൂഹികമാധ്യമങ്ങളിലൂടെയും എന്നോട് കുട്ടികൾ ചോദിക്കാറുള്ളതാണ്.... കഴിഞ്ഞ മാസം പാലപിള്ളിയിൽ വച്ചു നടന്ന മരത്തോണിനിടെ പരിചയപ്പെട്ട ഏഴാംക്ലാസ്സുകാരൻ സൽമാന്റെ ചോദ്യവും അങ്ങനെ ഉള്ള ഒന്നായിരുന്നു..
മഴയുടെ സാഹചര്യങ്ങളും മുന്നറിയിപ്പും കണക്കിലാക്കിയാണ് അവധികൾ നിശ്ചയിക്കുന്നത്. കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം, ഇതാ ഒരു മഴ അവധി കൂടി. ഈ മഴ അവധികൾ വീട്ടിൽ ഇരുന്നു പഠിച്ചും മറ്റു പ്രവർത്തികളിൽ ഏർപ്പെട്ടും, പുഴകളിലോ മറ്റു ജലാശയങ്ങളിലോ ഇറങ്ങാതെ വീട്ടിൽ ഇരിക്കണം എന്നഭ്യർത്ഥിക്കുന്നു. ഈ അവധി സൽമാനും, സൽമാനെ പോലെ സ്പോർട്സിനേ സ്നേഹിക്കുന്ന, എല്ലാ കൊച്ചു കൂട്ടുകാർക്കും ആയി ഡെഡിക്കേറ്റ് ചെയ്യുന്നു.
വലിയ സ്വപ്‌നങ്ങൾ കാത്തുസൂക്ഷിക്കുകയും പരിശ്രമിക്കുകയും ചെയ്യുന്ന എല്ലാ കൂട്ടുകാർക്കും, അവ യാഥാർഥ്യമാവട്ടെ എന്നാശംസിക്കുന്നു. വലിയ നേട്ടങ്ങളിലേക്ക് ഓടി കുതിക്കുവാൻ സൽമാനും സാധിക്കട്ടെ! എന്നും അർജുൻ പാണ്ഡ്യൻ ഫെയിസ്ബുക്ക് കുറിപ്പിൽ പറയുന്നു.
തൃശ്ശൂർ ജില്ലയിൽ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല.