അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചു, അടിവസ്ത്രം ഊരി മുഖത്തെറിഞ്ഞു; ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു

കൊല്ലം: ഷാർജയിൽ അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഉയരുന്നത് ഗുരുതരമായ ആരോപണങ്ങൾ. സതീഷിൽ നിന്ന് നിരന്തര ഉപദ്രവും കൊടിയപീഡനങ്ങളുമാണ് അതുല്യ അനുഭവിച്ചതെന്ന് സുഹൃത്ത് വെളിപ്പെടുത്തി. സതീഷ് അതുല്യയെക്കൊണ്ട് മൂത്രംവരെ കുടിപ്പിച്ചെന്നും അടിവസ്ത്രം ഊരി മുഖത്തേക്കറിഞ്ഞെന്നും സുഹൃത്ത് ആരോപിക്കുന്നു.


'ഒരു അടിമയെ പോലെയാണ് അവൻ ഭാര്യയെ കണ്ടത്. ജോലിക്ക് പോകുമ്പോൾ മൂന്നുനേരത്തെ ഭക്ഷണവും തയ്യാറാക്കികൊടുക്കണം. അവന്റെ ഷൂലേസ് വരെ കെട്ടികൊടുക്കണം. ഉപയോഗിച്ച കർച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ്, അത് തറയിലിട്ടശേഷം അവളുടെ മുഖത്ത് വെച്ച് തുടച്ച സംഭവമുണ്ടായി. അടിവസ്ത്രം ഊരി അവളുടെ മുഖത്താണ് എറിയുന്നത്. ഷൂലേസ് വരെ അവൾ കെട്ടികൊടുത്താലേ അവൻ പുറത്തിറങ്ങുകയുള്ളൂ. കഴിഞ്ഞതവണ അവൾ നാട്ടിലേക്ക് വരുന്നതിന് മുൻപ് കർച്ചീഫ് കഴുകിയില്ലെന്ന് പറഞ്ഞ് പൊതിരെതല്ലി. എന്നിട്ട് കർച്ചീഫ് കൊണ്ട് അടുക്കളയും കുളിമുറിയും തുടച്ചിട്ട് അവളുടെ മുഖത്തേക്കിട്ടു. ഇതാണ് നിനക്കുള്ള ശിക്ഷ എന്നുപറഞ്ഞായിരുന്നു ഈ ഉപദ്രവം'- സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു.


'ജനിച്ചത് പെൺകുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു. നാട്ടിൽ പോകണമെന്ന് പറഞ്ഞിട്ടും അയാൾ വിട്ടില്ല. നമ്മൾ വിളിക്കുമ്പോഴും അയാൾക്ക് സംശയമാണ്. സ്പീക്കറിലിട്ട് അനങ്ങാതെനിന്ന് കേൾക്കും. അവനില്ലാത്ത സമയം നോക്കിയേ അവൾ വിളിക്കാറുള്ളൂ. വിളിക്കുമ്പോഴെല്ലാം വിഷമങ്ങൾ പറയും. പക്ഷേ, ഒരിക്കലും അത് ആത്മഹത്യയിലേക്ക് എത്തില്ല. കാരണം ആത്മഹത്യ ചെയ്തേക്കാമായിരുന്ന വലിയ വലിയ പ്രശ്നങ്ങൾ അതുല്യ നേരിട്ടിട്ടുണ്ട്'- സുഹൃത്ത് പറയുന്നു.


അതിനിടെ അതുല്യ ശേഖറിന്റെ മരണം പ്രത്യേക സംഘം അന്വേഷിക്കും. ചവറ തെക്കുംഭാഗം ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കൊല്ലം ചവറ സ്വദേശിയായ അതുല്യയുടെ മരണത്തിൽ ഭർത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്.


സതീഷ് നാട്ടിലും പ്രശ്‌നക്കാരൻ


സതീഷ് നാട്ടിലും പ്രശ്നക്കാരനായിരുന്നുവെന്ന് അയൽവാസികൾ ആരോപിക്കുന്നു. പുലർച്ചെ അതുല്യയുടെ വീട്ടുകാരെ തല്ലാൻ ഗുണ്ടകളുമായി എത്തി. ജോലി സ്ഥലത്തും സതീഷ് മദ്യപിച്ച് നിരന്തരം പ്രശ്നമുണ്ടാക്കാറുണ്ടെന്നും ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് പറഞ്ഞു.


അതുല്യയോട് മാത്രമല്ല, അതുല്യയുടെ അച്ഛനോടും അമ്മയോടുമുള്ള സതീഷിന്റെ പെരുമാറ്റവും ക്രൂരമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. സതീഷിന്റെ വീട്ടുകാരുമായും അകലം പാലിച്ചു. പലപ്പോഴും സതീഷിന്റെ പെരുമാറ്റം മാനസിക പ്രശ്നം ഉള്ളയാളെ പോലെയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. 'പെൺകുട്ടി പിണങ്ങി വീട്ടിൽ കഴിയുന്ന സമയത്ത്, വെളുപ്പാൻ കാലത്ത് മൂന്ന് മണിക്ക് ഇവിടെ വന്നു. പെൺകുട്ടിയെയും മാതാപിതാക്കളെയും ഉപദ്രവിക്കാൻ വന്ന സമയത്ത്, ഞാൻ ഇവിടെ നിന്ന് എഴുന്നേറ്റ് ചെന്നപ്പോൾ സതീഷും കൂട്ടുകാരും മതിൽ ചാടുന്ന സന്ദർഭമാണ് കാണുന്നത്. ഇത് കണ്ട ഉടൻ തന്നെ ഞാൻ സ്റ്റോപ്പ് ചെയ്യിച്ചു. വെളുപ്പാൻ കാലത്ത് മതിൽ ചാടി വരുന്നതിന്റെ അർഥം എന്താണ് എന്ന് ഞാൻ ചോദിച്ചു. നി ഇവിടത്തെ മരുമകൻ ആണ്. പക്ഷേ ഇവൻമാരോ'- അയൽവാസി മാധ്യമങ്ങളോട് പറഞ്ഞു.


ഷാർജയിൽ ആദ്യം ജോലി ചെയ്ത കമ്പനിയിലും സതീഷ് പ്രശ്നം ഉണ്ടാക്കിയിരുന്നു.ഓഫീസിൽ നിന്ന് പലതവണ താക്കീത് ലഭിച്ചതായും ഒപ്പം ജോലി ചെയ്തയാൾ മാധ്യമങ്ങളോട് പറഞ്ഞു. മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണ്. മദ്യപിച്ച് ക്യാമ്പിലോക്കെ പ്രശ്നം ഉണ്ടാക്കിയിട്ടുണ്ട്. ഡ്യൂട്ടിക്ക് കൃത്യമായി എത്താറുണ്ടായിരുന്നില്ല. അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും ഒപ്പം ജോലി ചെയ്തയാൾ പറയുന്നു. നിരവധി പ്രശ്നങ്ങളെ നേരിട്ട അതുല്യ ആത്മഹത്യ ചെയ്യാനുള്ള സാധ്യത വിരളമാണെന്നാണ് ബന്ധുക്കൾ പറയുന്നത്.


കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ 'അതുല്യ ഭവന'ത്തിൽ അതുല്യ ശേഖർ (30) ഷാർജയിലെ താമസസ്ഥലത്താണ് ശനിയാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ സതീഷിന്റെ പീഡനമാണെന്ന് അതുല്യയുടെ കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെയ്ക്കുന്ന വാട്സ്ആപ്പ് ചാറ്റുകളും വീഡിയോകളും പുറത്ത് വന്നിരുന്നു.


Previous Post Next Post