ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി തര്‍ക്കം; തൃശൂരില്‍ അരുംകൊല, ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍: പുതുക്കാട് മേഫെയര്‍ ബാറിന് മുന്നില്‍ വച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. എരുമപ്പെട്ടി സ്വദേശി ഹേമചന്ദ്രനാണ് മരിച്ചത്. അളഗപ്പ നഗര്‍ സ്വദേശി സിജോ ജോണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടച്ചിങ്‌സ് നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.


ഇന്നലെ രാവിലെ മുതലാണ് സംഭവങ്ങളുടെ തുടക്കം. സിജോ ജോണ്‍ എന്ന നാല്‍പ്പതുകാരന്‍ ബാറിലെത്തി മദ്യപിച്ചു. ഭക്ഷണം കഴിക്കുന്നതുപോലെ സിജോ ജോണ്‍ നിരന്തരം ടച്ചിങ്‌സ് ആവശ്യപ്പെട്ടു. എട്ടുതവണയാണ് ടച്ചിങ്‌സ് ആവശ്യപ്പെട്ടത്. ഒടുവില്‍ ടച്ചിങ്‌സ് നല്‍കാത്തതിനെ ചൊല്ലി ജീവനക്കാരുമായി സിജോ ജോണ്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് ഉന്തിലും തള്ളിലും കലാശിച്ചു. ഒടുവില്‍ സിജോ ജോണിനെ ബാറില്‍ നിന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇറക്കിവിട്ടു. നിന്നെയൊക്കെ കാണിച്ചു തരാം എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കൊണ്ടാണ് യുവാവ് ബാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങിയതെന്ന് ബാര്‍ ജീവ നക്കാര്‍ പറയുന്നു.


തുടര്‍ന്ന് തൃശൂരില്‍ എത്തിയ പ്രതി ഒരു കത്തി വാങ്ങി. കത്തി വാങ്ങിയ ശേഷം വീണ്ടും ബാറില്‍ കയറി മദ്യപിച്ചു. രാത്രി 11.30 ഓടേ ബാര്‍ ക്ലോസ് ചെയ്ത് ഹേമചന്ദ്രന്‍ പുറത്തേയ്ക്ക് വരുന്ന സമയത്താണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. തൊട്ടടുത്തുള്ള കടയില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം നടന്നുപോകുന്ന സമയത്ത് ഒളിച്ചിരുന്ന സിജോ ജോണ്‍ പെട്ടെന്ന് തന്നെ ആക്രമിക്കുകയായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന കത്തി എടുത്ത് ഹേമചന്ദ്രന്റെ കഴുത്തില്‍ കുത്തിയിട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ഉടന്‍ തന്നെ ഹേമചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിജോ ജോണിനെ പൊലീസ് പിടികൂടുന്നത്.

Previous Post Next Post