കൽപ്പറ്റ: പെൻസിൽ വിഴുങ്ങിയ വേഴാമ്പലിന് രക്ഷകരായി വനംവകുപ്പ്. വ്യാഴം ഉച്ചയോടെ കൽപ്പറ്റയിലാണ് സംഭവം. കൽപ്പറ്റ പൊഴുതന അച്ചൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവശനിലയിൽ കോഴി വേഴാമ്പലിന്റെ കുട്ടിയെ കണ്ടെത്തിയതായി സ്കൂൾ അധികൃതർ തന്നെയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്.
തുടർന്ന് കൽപ്പറ്റയിൽനിന്ന് വനംവകുപ്പ് ആർആർടി സംഘം എത്തി വേഴാമ്പലിനെ വനംവകുപ്പ് ഓഫീസിൽ എത്തിച്ചു. വായ തുറന്ന് പരിശോധിച്ചപ്പോഴാണ് തൊണ്ടയുടെ ഭാഗത്ത് പെൻസിൽ കണ്ടത്. തുടർന്ന് ജീവനക്കാർ ഇത് പുറത്തെടുത്തു. വേഴാമ്പലിന് മറ്റു പരിക്കുകളൊന്നുമില്ല.
വേഴാമ്പലുകൾ പലപ്പോഴും അപ്രതീക്ഷിത വസ്തുക്കൾ ആഹാരമാക്കാറുണ്ട്. പ്രത്യേകിച്ച് എളുപ്പത്തിൽ വിഴുങ്ങാൻ കഴിയുന്ന ചെറിയ വസ്തുക്കൾ അവയുടെ ശ്രദ്ധയിൽപ്പെട്ടാൽ അത് അകത്താക്കാൻ സാധ്യതയുണ്ടെന്നാണ് വനംവകുപ്പ് നൽകുന്ന വിശദീകരണം.