ജോയിന്റ് രജിസ്ട്രാറെ മാറ്റി, ഡോ. മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല; കേരള സര്‍വകലാശാലയില്‍ നടപടി തുടരുന്നു

തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിൽ നടപടികൾ തുടരുന്നു. അവധിയിൽ പ്രവേശിച്ച ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനെ തൽസ്ഥാനത്തു നിന്നും മാറ്റി. പകരം ഹേമ ആനന്ദിനെ ജോയിന്റ് രജിസ്ട്രാറായി വിസി നിയമിച്ചു. ഭരണവിഭാഗത്തിൽ നിന്നും ഹരികുമാറിനെ അക്കാദമിക് വിഭാഗത്തിലേക്ക് വൈസ് ചാൻസലർ മാറ്റുകയും ചെയ്തിട്ടുണ്ട്.


സർവകലാശാല രജിസ്ട്രാറുടെ ചുമത പ്ലാനിങ് ഡയറക്ടർ ഡോ മിനി കാപ്പന് നൽകി വിസി ഉത്തരവ് പുറപ്പെടുവിച്ചു. രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാർ ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റ പശ്ചാത്തലത്തിലാണ് വിസിയുടെ നടപടി. എന്നാൽ ചുമതല ഒഴിയാൻ ഡോ. കെ എസ് അനിൽകുമാർ തയ്യാറായിട്ടില്ല. ഭാരതാംബ ചിത്ര വിവാദത്തിന് പിന്നാലെയാണ് രജിസ്ട്രാർ അനിൽകുമാറിനെ വിസി സസ്‌പെൻഡ് ചെയ്തത്. എന്നാൽ ഞായറാഴ്ച ചേർന്ന അടിയന്തര സിൻഡിക്കേറ്റ് യോഗം രജിസ്ട്രാറുടെ സസ്‌പെൻഷൻ റദ്ദാക്കുകയായിരുന്നു.


ഇന്നലെ നടന്ന സിൻഡിക്കേറ്റ് യോഗം ബഹളത്തെത്തുടർന്ന് താൽക്കാലിക വൈസ് ചാൻസലർ ഡോ സിസ തോമസ് പിരിച്ചുവിട്ടിരുന്നു. എന്നാൽ അതിനുശേഷവും യോഗം തുടരുകയും, ജോയിന്റ് രജിസ്ട്രാർ യോഗത്തിൽ സംബന്ധിച്ചതിലുമാണ് വിസി റിപ്പോർട്ട് തേടിയത്. ഇന്നു രാവിലെ 9 മണിയ്ക്കകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ വിസിക്ക് മറുപടി നൽകാതെ ജോയിന്റ് രജിസ്ട്രാർ ഹരികുമാർ രണ്ടാഴ്ചത്തെ അവധിയിൽ പ്രവേശിക്കുകയായിരുന്നു.


രജിസ്ട്രാറുടെ സസ്‌പെൻഷൻ സിൻഡിക്കേറ്റ് യോഗം പിൻവലിച്ചതും, ചട്ടവിരുദ്ധമായി ചേർന്ന യോഗത്തിന്റെ മിനുട്‌സ് അംഗീകരിച്ചതും വീഴ്ചയാണെന്നാണ് വിസിയുടെ നിലപാട്. ഇതിലാണ് ജോയിന്റ് രജിസ്ട്രാർ പി ഹരികുമാറിനോട് വിസി റിപ്പോർട്ട് തേടിയത്. ഞായറാഴ്ച ഓഫീസിലെത്തിയ രജിസ്ട്രാറുടെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ വൈസ് ചാൻസലർ, അനിൽകുമാർ ഓഫീസിലെത്തിയത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കിയിരുന്നു.


Previous Post Next Post