ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന വള്ളസദ്യ ഇന്ന് ; പ്രതിഷേധവുമായി പള്ളിയോടക്കാരും.


പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന വള്ളസദ്യ ഇന്ന്. ക്ഷേത്രവളപ്പില്‍ പള്ളിയോടം ഇല്ലാതെ സദ്യ നടത്തരുതെന്ന ആവശ്യം ബോര്‍ഡ് തള്ളിയിരുന്നു.

ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് പള്ളിയോടക്കരകളുടെ മുന്നറിയിപ്പ്. വള്ളസദ്യയിലെ എല്ലാ വിഭവങ്ങളും ചേര്‍ത്ത് 250 രൂപയ്ക്ക് ബുക്ക് ചെയ്ത ഭക്തര്‍ക്കാണ് സദ്യ. കഴിഞ്ഞദിവസം പള്ളിയോട സേവാസംഘം പ്രവര്‍ത്തകര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലേക്ക് വഞ്ചിപ്പാട്ട് പാടി പ്രതിഷേധ മാര്‍ച്ച്‌ നടത്തിയിരുന്നു.

ഞായറാഴ്ച ദിവസങ്ങളില്‍ ഒരു സദ്യ നടത്താനാണ് ബോര്‍ഡ് തീരുമാനം.

വള്ളസദ്യയില്‍ ഇടഞ്ഞിരിക്കുകയാണ് ദേവസ്വം ബോര്‍ഡും പള്ളിയോട സേവാ സംഘവും. ദേവസ്വം ബോര്‍ഡ് വള്ളസദ്യ വാണിജ്യവല്‍ക്കരിക്കുന്നു എന്നാണ് ആരോപണം. ദേവസ്വം ബോര്‍ഡിന്റെ ഇടപെടല്‍ ആചാര ലംഘനം എന്ന് കാട്ടി പള്ളിയോട സേവാ സംഘം കത്ത് നല്‍കി. എല്ലാ ഞായറാഴ്ചയും വള്ളസദ്യ നടത്താനുള്ള ദേവസ്വം ബോര്‍ഡ് തീരുമാനത്തിന് എതിരെയാണ് കത്ത്.

ജൂണ്‍ പത്തിന് തിരുവനന്തപുരം നന്ദൻകോട് വെച്ച്‌ നടന്ന യോഗത്തില്‍ വള്ളസദ്യ ദേവസ്വം ബോർഡ് നടത്തണമെന്ന തീരുമാനം എടുത്തെന്നും ഹൈക്കോടതി നിർദേശമുണ്ടായിരുന്നെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഈ യോഗത്തില്‍ പള്ളിയോട സേവാ സംഘവും പങ്കെടുത്തിരുന്നെന്ന് ദേവസ്വം ബോർഡ് പറയുന്നു. ആദ്യ യോഗത്തില്‍ ആറന്മുള ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ്, സെക്രട്ടറി, മൂന്ന് ക്ഷേത്ര ഉപദേശ സമിതിയംഗങ്ങള്‍ എന്നിവരും ജൂണിലെ യോഗത്തില്‍ പള്ളിയോട സേവാ സമിതി പ്രസിഡന്‍റ്, സെക്രട്ടറി, ക്ഷേത്ര ഉപദേശക സമിതിയിലെ മൂന്ന് അംഗങ്ങള്‍ എന്നിവരും പങ്കെടുത്തെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

എന്നാല്‍ പണം വാങ്ങി വള്ളസദ്യ ഏറ്റെടുത്ത് നടത്തുന്നത് ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്ക് എതിരാണെന്നും ആറന്മുള വള്ളസദ്യ വാണിജ്യവത്ക്കരിക്കുന്നതിന് തുല്യമാണെന്നുമാണ് പള്ളിയോട സേവാ സംഘം പറയുന്നത്. ഞായറാഴ്ചകളില്‍ ദേവസ്വം ബോർഡ് നടത്തുന്ന വള്ളസദ്യയില്‍ താല്‍പ്പര്യമുള്ളവർക്ക് 250 രൂപ അടച്ച്‌ ബുക്ക് ചെയ്യാം എന്നാണ് പുതിയ തീരുമാനം. ഇതിനെതിരെയാണ് പള്ളിയോട സേവാ സംഘത്തിന്‍റെ പ്രതിഷേധം.


Previous Post Next Post