കനത്ത മഴയില് വയനാട്ടിലും, കണ്ണൂരിലും മലവെള്ളപ്പാച്ചില്. വയനാട്ടില് തവിഞ്ഞാല് തലപ്പുഴ പുഴയിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
കണ്ണൂരില് ആറളം മേഖലയിലും മലവെള്ളപ്പാച്ചിലുണ്ടായി. വനമേഖലയില് മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം.
വയനാട്
മക്കിമലയില് കാട്ടില് മണ്ണിടിച്ചിലുണ്ടായതായി സംശയമുണ്ട്. ഇന്ന് വൈകീട്ടോടെയാണ് തലപ്പുഴ പുഴയില് കുത്തൊഴുക്ക് ഉണ്ടായത്. പുഴയുടെ സമീപത്തുള്ളവരെ മാറ്റിപ്പാര്പ്പിക്കാന് നടപടികള് ആരംഭിച്ചു. മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്ബതാം ബ്ലോക്കില് നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്കൂളിലേക്ക് മാറ്റും. റവന്യൂ അധികൃതര് സ്ഥലത്തെത്തി സ്ഥിതിഗതികള് പരിശോധിച്ചു.
കണ്ണൂര്
ആറളം മേഖലയില് മണ്ണിടിച്ചിലുണ്ടാതായി സംശയമുണ്ട്. മഴയില് 50ലധികം വീടുകളില് വെള്ളം കയറി. വനമേഖലയില് മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളില് സുരക്ഷാ മുന്കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റിപാര്പ്പിച്ചു.
മാത്രമല്ല ജലനിരപ്പ് പരിധിവിട്ടതോടെ പഴശ്ശി ഡാമിന്റെ ഷട്ടറുകള് തുറക്കുമെന്ന് ഇറിഗേഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര് അറിയിച്ചു. പഴശ്ശി ഡാമിന്റെ താഴെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങള് ജാഗ്രത പാലിക്കണമെന്നും നിര്ദേശം നല്കി.
അതേസമയം കനത്ത മഴയില് മൂന്നാറില് മണ്ണിടിഞ്ഞ് കടകള് തകര്ന്നു. ആളപായമില്ല. കണ്ണന് ദേവന് പ്ലാന്റേഷന് റീജണല് ഓഫീസിന് സമീപത്തെ നാല് വഴിയോര കടകള്ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞത്. കടകളില് ആളില്ലാത്തതിനാല് വലിയ അപകടം ഒഴിവായി. അപകടത്തില് നാല് കടകളും പൂര്ണമായും തകര്ന്നു.
സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്ന സാഹചര്യത്തില് ഇടുക്കി ജില്ലയില് പ്രത്യേക നിയന്ത്രണങ്ങള് ഏര്പ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കി. മൂന്നാര് ഗ്യാപ് റോഡില് രാത്രി യാത്രയ്ക്ക് നിയന്ത്രണമേര്പ്പെടുത്തിയിട്ടുണ്ട്. മൈനിങ് പ്രവര്ത്തനങ്ങള് നിര്ത്തിവെയ്ക്കണമെന്നും, തോട്ടം മേഖലയിലെ പുറം ജോലികള് നിര്ത്തണമെന്നും നിര്ദേശമുണ്ട്.