കുട്ടികളിലെ മയക്കുമരുന്നുപയോഗം: കേസുകള്‍ കൂടുതല്‍ എറണാകുളത്ത്, 10 വര്‍ഷത്തെ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്ത് സ്‌കൂൾ കുട്ടികളും യുവാക്കളും ഉൾപ്പെട്ട മയക്കുമരുന്ന് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എറണാകുളം ജില്ലയിലാണെന്ന് ഹൈക്കോടതി. സ്‌കൂൾ, കോളജ് വിദ്യാർഥികൾക്കിടയിൽ വർധിച്ചു വരുന്ന മയക്കുമരുന്ന് ദുരുപയോഗ ഭീഷണി തടയുന്നതിനുള്ള സംസ്ഥാനത്തിന്റെ നടപടികൾ ഫലപ്രദമല്ലെന്ന് ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസിറ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കേരള സ്റ്റേറ്റ് ലീഗസ് സർവീസസ് അതോറിറ്റി(കെൽസ)യും രണ്ട് കുട്ടികളുടെ അമ്മമാർ സമർപ്പിച്ച രണ്ട് ഹർജികളും പരിഗണിക്കുകയായിരുന്നു കോടതി.


പ്രശ്‌നം പരിഹരിക്കുന്നതിനുള്ള കർമ പദ്ധതി തയ്യാറാക്കണമെന്നും കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. 2015 മുതൽ 2024 വരെ 18 വസയിൽ താഴെയുള്ള കുട്ടികൾ ഉൾപ്പെട്ട ഏറ്റവും കൂടുതൽ മയക്കുമരുന്ന് കേസുകൾ എറണാകുളം സിറ്റിയിലാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര വകുപ്പ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആകെ 53 കേസുകളാണ് നഗരത്തിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ സർക്കാർ സമർപ്പിച്ച ഡേറ്റയിൽ നിന്നും പ്രാദേശിക പ്രവണതകൾ, പ്രായത്തിനനുസരിച്ച് ഉണ്ടാകുന്ന ദൗർബല്യം തുടങ്ങി മയക്കുമരുന്നുപയോഗത്തിന്റെ കാരണങ്ങൾ എന്നിവ മനസിലാക്കാൻ കഴിയുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനായി ഒരു കേന്ദ്രീകൃത പഠനം ആവശ്യമാണ്. അതിന് ശേഷം മാത്രമേ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയൂ എന്നും കോടതി കൂട്ടിച്ചേർത്തു.


പ്രത്യേക പദ്ധതി രൂപീകരിക്കാൻ എറണാകുളം സിറ്റി പൊലീസ് കമ്മീഷണർക്കും നിർദേശം നൽകി. ഫൊറൻസിക് ലാബുകളിൽ ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്തത് മയക്കുമരുന്ന് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നു്ട്. ഫൊറൻസിക് റിപ്പോർട്ട് കിട്ടാത്തതിനാൽ കോടതികളിൽ തീർപ്പാകാതെ കിടക്കുന്ന എത്ര കേസുകളുണ്ടെന്ന് അറിയിക്കാൻ ഹൈക്കോടതി രജിസ്ട്രിയോട് നിർദേശിച്ചു. സർക്കാരും വിശദീകരണം നൽകണം. പോക്‌സോ കേസുകളിൽ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കാത്തത് കേസുകളുടെ നടത്തിപ്പിനെ ബാധിക്കുന്നതായും കോടതി നിരീക്ഷിച്ചു.

Previous Post Next Post