മലപ്പുറത്തും നിപ: മൂന്ന് ജില്ലകളിലായി 345 പേര്‍ സമ്ബര്‍ക്കപ്പട്ടികയില്‍, 43 ആരോഗ്യ പ്രവര്‍ത്തകര്‍.


സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ്.

പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര സ്വദേശിനിയായ 38 കാരിക്ക് പുറമെ, മലപ്പുറത്തും ഒരാള്‍ക്ക് നിപ ബാധ സ്ഥിരീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ കഴിഞ്ഞ ദിവസം മരിച്ച 18 കാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ മക്കരപറമ്ബ്, കൂട്ടിലങ്ങാടി, കുറുവ, മങ്കട ഗ്രാമ പഞ്ചായത്തുകളിലെ 20 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ച്‌ ജില്ലാഭരണ കൂടം ഉത്തരവിറക്കി. മക്കരപറമ്ബ് - ഒന്ന് മുതല്‍ 13 വരെ വാർഡുകള്‍, കൂടിലങ്ങാടി-11, 15 വാർഡുകള്‍, മങ്കട - 14-ാം വാർഡ്, കുറുവ - 2, 3, 5, 6 വാർഡുകള്‍ ആണ് കണ്ടെയ്ന്‍മെന്റ് സോണിലുള്ളത്.

നിപ രോഗ ബാധ വീണ്ടും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം സംസ്ഥാനത്തെ സാഹചര്യം വിലയിരുത്തി. മലപ്പുറം, കോഴിക്കോട് ജില്ലകളിലുമായി 345 പേര്‍ നിപ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നത്. മലപ്പുറം ജില്ലയില്‍ 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് സമ്ബര്‍ക്കപ്പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്. പാലക്കാട്ടെ രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. സ്ഥിരീകരണം വരുന്നതിന് മുമ്ബ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച്‌ പ്രതിരോധ നടപടികള്‍ ശക്തമാക്കിയിരുന്നു.

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറഞ്ഞു. ആശുപത്രികളും ആരോഗ്യ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച്‌ കോണ്ടാക്‌ട് ട്രെയ്സിംഗ് ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സമ്ബര്‍ക്കപ്പട്ടികയില്‍ പെടാത്ത ആരെങ്കിലുമുണ്ടോയെന്ന് സൂക്ഷ്മമായി പരിശോധിക്കണം. സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പെടെ ആശുപത്രികളില്‍ ഉറപ്പാക്കണം. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളും ശക്തമാക്കണം. റൂട്ട് മാപ്പ് ഉടന്‍ തന്നെ പുറത്തിറക്കണം എന്നും ഉന്നത തലയോഗം നിര്‍ദേശിച്ചു.

Previous Post Next Post