പരാതി കിട്ടി രണ്ട് ദിവസത്തിനുള്ളില്‍ കുന്നത്തേരി സ്വദേശിയായ 24 വയസുള്ള റിഫാസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെക്കന്റ് ഹാന്‍ഡ് യമഹ ആര്‍എക്‌സ് 135 മോഡല്‍ ബൈക്കാണ് വില്‍ക്കാനായി കേരളത്തിലേയ്ക്ക് കൊണ്ടു വന്നത്. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വിജയകുമാര്‍ വെട്ടെക്കാട്ടുപടിയിലാണ് താമസിച്ചിരുന്നത്. ഓണ്‍ലൈനില്‍ പരസ്യം കണ്ട് നിരവധി ആളുകള്‍ വാഹനം വാങ്ങുന്നതിനായി ഇയാളെ സമീപിച്ചു. പരസ്യം കണ്ട് വാട്‌സ് ആപ്പ് കോളില്‍ ഒരാള്‍ വിളിച്ച് വാഹനത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു. ബിഹാര്‍ രജിസ്‌ട്രേഷനില്‍ ആശങ്ക പ്രകടിപ്പിച്ചെങ്കിലും നേരിട്ടെത്തി പരിശോധിച്ചിട്ട് മതിയെന്ന് വിജയ്കുമാര്‍ വിളിച്ചയാളോട് പറയുകയും ചെയ്തു. നേരിട്ടെത്തിയ റിഫാസിന് ബൈക്ക് ഓടിച്ച് നോക്കാനായി വിജയ്കുമാര്‍ താക്കോല്‍ കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ കാത്തിരുന്നിട്ടും ഇയാള്‍ തിരികെ വന്നില്ല. സംശയം തോന്നി ഫോണില്‍ വിളിച്ചു നോക്കിയപ്പോള്‍ ബന്ധപ്പെടാനും കഴിയുന്നില്ല. ഇതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. തുടര്‍ന്ന് വിജയ്കുമാര്‍ കുറുപ്പുംപടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
രേഖകളും വാഹനവും വിശദമായി പരിശോധിച്ച ശേഷമാണ് ഇയാള്‍ വാഹനം ഓടിച്ച് നോക്കാനായി താക്കോല്‍ വാങ്ങിയത്. എസ്എച്ച്ഒ വിഎം കെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടിച്ച ബൈക്ക് കണ്ടെത്താന്‍ ശ്രമിച്ചു.
ബൈക്കിന് ഉയര്‍ന്ന വില ലഭിക്കുമെന്ന് കരുതിയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ബിഹാറില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ആയതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിനും അത് ട്രാക്ക് ചെയ്യുന്നതിന് ബുദ്ധിമുട്ടാകുമെന്ന് കരുതി. ഇയാള്‍ക്ക് മറ്റ് മോഷണക്കേസുകളിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.