കൊച്ചി: നടൻ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിൽ അപകീർപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു
സാമൂഹിക മാധ്യമങ്ങൾ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താൻ പല ദുരനുഭവങ്ങൾ നേരിട്ടുണ്ട്. താൻ ബാലചന്ദ്രമേനോൻ ചെയ്ത പല പ്രവൃത്തികൾക്കും സാക്ഷിയാണ് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് നടി സോഷ്യൽമീഡിയ വഴി നടത്തിയത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോൻ ഇൻഫോപാർക്ക് സൈബർ പൊലീസിന് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
ഇത് ചോദ്യം ചെയ്ത് മിനു മുനീർ സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യം ലഭിച്ചില്ല. തുടർന്ന് ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് മിനു മുനീറിന് മുൻകൂർ ജാമ്യം ലഭിച്ചത്. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ നടി ഹാജരായത്.
തനിക്കെതിരെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് നടി ഉന്നയിച്ചതെന്നാണ് ബാലചന്ദ്രമേനോൻ പറയുന്നത്. എന്നാൽ തനിക്ക് ചില അനുഭവങ്ങൾ ഉണ്ടായി, അതാണ് താൻ പറഞ്ഞതെന്നാണ് മിനു മുനീറിന്റെ പ്രതികരണം. വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെന്നും തെളിവില്ലെന്നുമാണ് പൊലീസ് പറയുന്നത്. നടി ചില ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും അതൊന്നും തെളിയിക്കുന്നതിനുള്ള തെളിവ് നടിയുടെ കൈവശം ഇല്ലെന്നുമാണ് പൊലീസിന്റെ ഭാഷ്യം.