സംസ്ഥാനത്ത് ഇന്നുമുതല്‍ നാലു ദിവസം കനത്ത മഴയ്ക്ക് സാധ്യത. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ്ദപാത്തി സ്ഥിതിചെയ്യുന്നു.
തെക്കു പടിഞ്ഞാറൻ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമർദ്ദവും സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു മൂന്നു ദിവസങ്ങളില്‍ ഝാർഖണ്ഡ് , ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാൻ സാധ്യത. തെക്കൻ ഗുജറാത്ത് തീരം മുതല്‍ കർണാടക തീരം വരെ ന്യൂന മർദ്ദ പാത്തിയും സ്ഥിതിചെയ്യുന്നു . ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുന്നത്.
ഈ മാസം 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ ദിവസങ്ങളില്‍ കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുണ്ട്. സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ കർണാടക തീരത്ത് 11 വരെ മീൻപിടിത്തം വിലക്കിയിട്ടുണ്ട്.
കള്ളക്കടല്‍ ജാഗ്രത നിർദേശം
കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ തീരങ്ങളില്‍ (കാപ്പില്‍ മുതല്‍ പൊഴിയൂർ വരെ) ഇന്ന് രാത്രി 11.30 വരെ 1.4 മുതല്‍ 1.7 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.