104 പേര്‍ മരിച്ചതായി സ്ഥിരീകരണം, കേര്‍ കൗണ്ടിയില്‍ മാത്രം 84 മരണം, 24 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; ടെക്സസില്‍ ദുരന്തം വിതച്ച്‌ മിന്നല്‍പ്രളയം

ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായി റിപ്പോർട്ട്. 104 പേർ മരിച്ചതായി സ്ഥിരീകരണമുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

കേർ കൗണ്ടിയില്‍ മാത്രം മരിച്ചത് 84 പേരാണ്. ഇവരില്‍ 28 പേർ കുട്ടികളാണ്. 24 പേരെ ഇപ്പോഴും കണ്ടെത്താനുണ്ട്. ക്യാമ്ബ് മിസ്റ്റിക്കിലെ 10 കുട്ടികളും ഒരു കൗണ്‍സലറും ഇതില്‍ ഉള്‍പ്പെടുന്നു. കാണാതായവർക്കായി തെരച്ചില്‍ തുടരുകയാണ്. ടെക്സസിന്റെ മധ്യ മേഖലയില്‍ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

ദുരന്തത്തില്‍ മിനിറ്റുകള്‍ക്കകം ഭൂമി വെള്ളം വിഴുങ്ങുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ടെക്സസില്‍ നിന്ന് പുറത്തുവരുന്നത്. ഗുവാഡലൂപ്പ് നദി 45 മിനിറ്റിനുള്ളില്‍ 26 അടിയിലധികമാണ് ഉയർന്നത്. ഇത് സ്ഥിതി അതീവ ഗുരുതരമാക്കി. പ്രദേശങ്ങളില്‍ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകള്‍ ഇപ്പോഴും നിലവിലുണ്ട്.

കെർ കൗണ്ടിയിലെ ക്രിസ്ത്യൻ ക്യാമ്ബില്‍ നിരവധി കുടുംബങ്ങള്‍ ട്രെയിലർ വീടുകള്‍ക്കുള്ളില്‍ കുടുങ്ങുകയും ആളുകള്‍ വെള്ളത്തില്‍ ഒഴുകിപ്പോകുകയും ചെയ്തു. ഏകദേശം രണ്ട് ഡസനോളം ക്യാമ്ബംഗങ്ങളെക്കുറിച്ച്‌ ഇപ്പോഴും വിവരമില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാണാതായവരുടെ എണ്ണം ഇനിയും വർധിക്കാനാണ് സാധ്യത.

പുറത്തുവരുന്ന വീഡിയോകളില്‍ ഭീകര കാഴ്ചകളാണുള്ളത്. വീടുകള്‍ നിന്നിരുന്ന സ്ഥലങ്ങളില്‍ കോണ്‍ക്രീറ്റ് തറകള്‍ മാത്രം ബാക്കിയായിരിക്കുന്നു. പുഴയുടെ തീരങ്ങളില്‍ കെട്ടിടാവശിഷ്ടങ്ങള്‍ കൂമ്ബാരമായി കിടക്കുന്നു. രക്ഷാപ്രവർത്തകർ വീടുകളുടെ മേല്‍ക്കൂരകളില്‍ നിന്നും മരങ്ങളില്‍ നിന്നും ആളുകളെ രക്ഷിക്കുന്നു. വീടുകളും കാറുകളും ഒഴുകി നടക്കുന്നതും പലയിടത്തായി കെട്ടിടാവശിഷ്ടങ്ങള്‍ അടിഞ്ഞുകൂടിയതും ദൃശ്യങ്ങളിലുണ്ട്.ശനിയാഴ്ച കെർവില്ലെയില്‍, സാധാരണയായി ശാന്തമായ ഗുവാഡലൂപ്പ് നദി അതിവേഗത്തില്‍ ഒഴുകി. ചെളിവെള്ളം കാറും വീടും അടക്കമുള്ളവയുടെ അവശിഷ്ടങ്ങളാല്‍ നിറഞ്ഞിരുന്നു.
Previous Post Next Post