ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസ്റ്റ്, മതേതരത്വം' എന്നീ പദങ്ങൾ ആവശ്യമില്ലെന്ന് ആർഎസ്എസ്. കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയിൽ ഉൾപ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആർഎസ്എസ് പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയാണ് വിഷയം ഉയർത്തിക്കാട്ടിയത്. ഡൽഹിയിൽ സംഘടിപ്പിച്ച പൊതുചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1976 ആണ് 'സോഷ്യലിസ്റ്റ്', 'മതേതരത്വം' എന്നീ വാക്കുകൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തുന്ന 42-ാം ഭരണഘടനാ ഭേദഗതി നടപ്പാക്കിയത്. ' അടിയന്തരാവസ്ഥക്കാലത്ത് സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ചേർത്തു. പിന്നീട് അവ നീക്കം ചെയ്യാൻ ശ്രമിച്ചില്ല. അവ നിലനിൽക്കണമോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കേണ്ടതുണ്ട്. ബാബാസാഹേബ് അംബേദ്കറുടെ പേരിലുള്ള ഈ കെട്ടിടത്തിൽ (അംബേദ്കർ ഇന്റർനാഷണൽ സെന്റർ) നിന്നാണ് ഞാൻ ഇത് പറയുന്നത്, അംബേദ്കർ തയ്യാറാക്കിയ ഭരണഘടനയുടെ ആമുഖത്തിൽ ഈ വാക്കുകൾ ഇല്ലായിരുന്നു.' എന്നാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ പരാമർശം.
ഇന്ദിരാഗാന്ധി സർക്കാർ നടപ്പാക്കിയ അടിയന്തരാവസ്ഥയ്ക്ക് കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ ശക്തമായ വിമർശനം ഉർത്തിയത്. ഇന്ത്യയിൽ ആയിരക്കണക്കിന് ആളുകളെ ജയിലിലടയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്ത സമയമാണ് അടിയന്തരാവസ്ഥക്കാലം. ജുഡീഷ്യറിയുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യവും ഇക്കാലത്ത് അടിച്ചമർത്തപ്പെട്ടു. വലിയ തോതിൽ നിർബന്ധിത വന്ധ്യംകരണങ്ങൾ നടന്നു. ''ഇത്തരം കാര്യങ്ങൾ ചെയ്തവർ ഇന്ന് ഭരണഘടനയുടെ പകർപ്പുമായി സഞ്ചരിക്കുന്നു. നിങ്ങളുടെ പൂർവികർ ചെയ്ത കാര്യങ്ങൾക്ക് മാപ്പ് പറയാൻ തയ്യാറാകണം എന്നും ആർഎസ്എസ് ജനറൽ സെക്രട്ടറി പ്രതികരിച്ചു.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലേക്ക് നയിച്ച 1975 കാലത്തെ ജയപ്രകാശ് നാരായണൻ നയിച്ച പ്രക്ഷേഭങ്ങളിൽ സജീവമായി പങ്കെടുത്ത വ്യക്തികളുടെ സംഗമം കൂടിയായിരുന്നു ന്യൂഡൽഹിയിലെ പരിപാടി. നിതിൻ ഗഡ്കരിക്ക് പുറമെ മാധ്യമ പ്രവർത്തകനായ റാം ബഹാദൂർ റായ്, മുൻ ബിജെപി നേതാവ് കെ എൻ ഗോവിന്ദചാര്യ എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു.