മലമ്പുഴ, ബാണാസുര സാഗര്‍ ഡാമുകള്‍ തുറന്നു; മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 135 അടിയിലേക്ക്; നദീ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ചതോടെ ഡാമുകളിലെ ജല നിരപ്പ് ക്രമീകരിക്കുന്നു. പാലക്കാട് മലമ്പുഴ ഡാം, വയനാട് ബാണാസുര സാഗർ ഡാം എന്നിവ തുറന്നു. വയനാട് ബാണാസുര ഡാം ആണ് ഇത്തവണ ആദ്യം തുറന്നത്. രാവിലെ പത്ത് പതിനഞ്ചോടെ സ്പിൽവേ ഷട്ടറുകൾ ഉയർത്തിയാണ് ജല നിരപ്പ് നിയന്ത്രിക്കാനുള്ള നടപടികൾ തുടങ്ങിയത്. സെക്കന്റിൽ 50 ക്യുബിക് വെള്ളമാണ് ആദ്യഘട്ടത്തിൽ ഒഴുക്കി വിടുന്നത്. ഡാം തുറക്കുന്ന സാഹചര്യത്തിൽ പുഴയുടെ തീരങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


10.20 ഓടെയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നത്. ഡാമിലെ ജലനിരപ്പ് 111.19 മി ആയി ഉയർന്ന പശ്ചാത്തലത്തിൽ ആയിരുന്നു ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നത്. റൂൾ കർവ് പ്രകാരം ജലനിരപ്പ് 110.49 മി നിലനിർത്തേണ്ട സാഹചര്യത്തിലാണ് നടപടികൾ. ഡാമിൽ നിന്നും വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിൽ കൽപ്പാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അപ്പർ ഷോളയാർ ഡാമിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇതോടെ ലോവർ ഷോളയാറിലേക്കുള്ള നീരൊഴുക്ക് വർധിച്ചു.


അതേസമയം, ഇടുക്കിയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിലും ജല നിരപ്പ് ഉയരുന്നുണ്ട്. മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 135 അടിയായി. 136 അടിയായാൽ സ്പിൽ വേയിലുടെ ജലം പെരിയാറിലേക്ക് ഒഴുക്കും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. നിലവിലെ റൂൾ കർവ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്നാടിന് ജൂൺ 30 വരെ സംഭരിക്കാനാകുക. നീരൊഴുക്ക് ശക്തമായതോടെയാണ് അണക്കെട്ട് തുറക്കുന്നതിനുള്ള മുന്നറിയിപ്പ് തമിഴ്നാട് ഇടുക്കി ജില്ലാ ഭരണകൂടത്തിന് നൽകി.

Previous Post Next Post