ന്യൂഡൽഹി: റെയിൽവെ തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ആധാർ കാർഡുകളുമായി ഐആർസിടിസി അക്കൗണ്ടുകൾ ലിങ്ക് ചെയ്ത അക്കൗണ്ട് ഉടമകൾക്ക് മുൻഗണന. തത്കാൽ ടിക്കറ്റ് വിൽപ്പന സമയ സ്ലോട്ടുകളുടെ ആദ്യ 10 മിനിറ്റുകളിലാണ് ഇത്തരം അക്കൗണ്ട് ഉടമകൾക്ക് മുൻഗണന ലഭിക്കുക. ടിക്കറ്റ് ബുക്കിങ്ങിൽ ഉപഭോക്താക്കൾക്ക് മുൻഗണന നൽകാനാണ് പുതിയ നീക്കമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കുന്നു.
നിലവിൽ, തത്കാൽ വിൻഡോ തുറക്കുന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ അംഗീകൃത ഐആർസിടിസി ഏജന്റുമാർക്ക് പോലും ടിക്കറ്റ് ബുക്ക് ചെയ്യാൻ അനുവാദമില്ല. എന്നാൽ ഇനിമുതൽ തത്കാൽ ടിക്കറ്റ് വിൽപ്പനയുടെ ആദ്യ 10 മിനിറ്റിനുള്ളിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള അക്കൗണ്ട് ഉടമകൾക്ക് ബുക്കിങ്ങിൽ മുൻഗണന ലഭിക്കും. ആധാർ നമ്പറുമായി ബന്ധിപ്പിക്കാത്ത അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പാക്കാൻ പ്രത്യേക പരിശോധന നടത്താനും ഐആർസിടിസി തീരുമാനിച്ചതായി റെയിൽവേ അറിയിച്ചു. സംശയാസ്പദമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ കണ്ടെത്തി പ്രവർത്തനം തടയാനാണ് നീക്കം.
ഓൺലൈൻ പ്ലാറ്റ്ഫോവുകൾ വഴി പ്രതിദിനം 2,25,000 യാത്രക്കാർ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. മെയ് 24 നും ജൂൺ 2 നും ഇടയിൽ ബുക്കിങ്ങ് വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ മിനിറ്റിൽ ശരാശരി 1,08,000 എസി ക്ലാസ് ടിക്കറ്റുകളിൽ 5,615 എണ്ണം മാത്രമേ ബുക്ക് ചെയ്തിട്ടുള്ളൂ. രണ്ടാം മിനിറ്റിൽ 22,827 ടിക്കറ്റുകൾ ബുക്ക് ചെയ്തു. എസി ക്ലാസിൽ, വിൻഡോ തുറന്നതിന്റെ ആദ്യ 10 മിനിറ്റിനുള്ളിൽ ശരാശരി 67,159 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തു. ഓൺലൈനായി ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെ കണക്കുകളിൽ 62.5 ശതമാനം വരുന്നതാണ് ഈ കണക്കുകൾ.
ബാക്കിവന്ന 37.5 ശതമാനം ടിക്കറ്റുകളും ചാർട്ട് തയ്യാറാക്കുന്നതിന് മുൻപുള്ള 10 മിനിറ്റുകൾക്കിടയിൽ ബുക്ക് ചെയ്യപ്പെട്ടു. അതിൽ 3.01 ശതമാനം തത്കാൽ ടിക്കറ്റുകൾ വിൻഡോ തുറന്ന് 10 മണിക്കൂറിലധികം കഴിഞ്ഞാണ് ബുക്ക് ചെയ്തതെന്നും റെയിൽവേ അവകാശപ്പെട്ടു.
നോൺ-എസി വിഭാഗത്തിൽ മെയ് 24 മുതൽ ജൂൺ 2 വരെ പ്രതിദിനം ശരാശരി 1,18,567 ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തു. ഇതിൽ ഏകദേശം 4 ശതമാനം വരുന്ന 4,724 ടിക്കറ്റുകൾ ആദ്യ മിനിറ്റിനുള്ളിൽ ബുക്ക് ചെയ്തു, അതേസമയം 20,786 ടിക്കറ്റുകൾ (ഏകദേശം 17.5% ) രണ്ടാം മിനിറ്റിലും ബുക്ക് ചെയ്തു. വിൻഡോ തുറന്നതിന് ശേഷമുള്ള ആദ്യ 10 മിനിറ്റിനുള്ളിൽ ഏകദേശം 66.4 ശതമാനം ടിക്കറ്റുകൾ വിറ്റു. കൂടാതെ, വിൻഡോ തുറന്നതിന്റെ ആദ്യ മണിക്കൂറിനുള്ളിൽ ഏകദേശം 84.02 ശതമാമനം ടിക്കറ്റുകൾ വിൽപന നടത്താനായി. ബാക്കിയുള്ള ടിക്കറ്റുകൾ അടുത്ത 10 മണിക്കൂറിനുള്ളിൽ വിറ്റുപോയതായും കണക്കുകൾ പറയുന്നു.
തൽക്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിൽ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഉപയോഗിക്കുന്നു എന്നതിന്റെ തെളിവാണ് കണക്കുകൾ എന്നാണ് റെയിൽവെ പറയുന്നത്. വിൻഡോ തുറന്നതിന് 8 മുതൽ 10 മണിക്കൂർ ശേഷവും ഏകദേശം 12 ശതമാനം തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെടുന്നത് ഇതിന്റെ ഭാഗമാണെന്നാണ് ഐആർസിടിസിയുടെ വിലയിരുത്തൽ.