'കെസി വേണുഗോപാല്‍ എന്‍എച്ച് 66ന്റെ കാലന്‍; സര്‍ക്കാരിനെതിരെ ആനന്ദനൃത്തമാടുന്നു'

ന്യൂഡൽഹി: കെസി വേണുഗോപാൽ ദേശീയപാത നിർമാണത്തിന്റെ കാലനാകുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സർക്കാരിനെ അടിക്കാൻ ഒരുവടികിട്ടി എന്ന രൂപത്തിൽ ആനന്ദനൃത്ത മാടുകയാണ്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തെ ചൊല്ലി യുഡിഎഫ് മതവർഗീയത കുത്തിവയ്ക്കുന്നുവെന്നും പിഎ മുഹമ്മദ് റിയാസ് പറഞ്ഞു.


ദേശീയപാത നിർമാണത്തിനിടെ ദൗർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായപ്പോൾ അത് സർക്കാരിനെ അടിക്കാനുള്ള വടിയായി ഉപയോഗിക്കുകയാണ്. അതിൽ മുൻപന്തിയിൽ നിൽക്കുന്നയാളാണ് കെസി വേണുഗോപാൽ. നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിച്ചുപോകണം. അല്ലാതെ പ്രവൃത്തി മുന്നോട്ടുപോകേണ്ടതില്ലെന്ന തീരുമാനമെടുക്കരുത്. എൻഎച്ച് 66ന്റെ കാലനാകാനാണ് കെസി വേണുഗോപാൽ ശ്രമിക്കുന്നത്. കാലന്റെ പണിയെടുക്കാൻ നോക്കിയാലും പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകും. യുഡിഎഫ് ഭരിച്ചപ്പോൾ നടപ്പാക്കാൻ കഴിയാത്ത പദ്ധതി മുടക്കാനാണ് ശ്രമമെന്നും പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.


നിലമ്പൂരിൽ സ്വരാജ് സ്ഥാനാർഥിയായതോടെ യുഡിഎഫ് ക്യാംപ് ആകെ വാടിയിരിക്കുകയാണ്. എൽഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും സ്വരാജ് നിയമസഭയിലെത്തുമെന്നും റിയാസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമർശവുമായി ബന്ധപ്പെട്ട് യുഡിഎഫ് മതവർഗീയത കുത്തിവയ്ക്കുകയാണെന്നും റിയാസ് പറഞ്ഞു.

Previous Post Next Post