അറിയിപ്പില്ലാതെ ഡിവിഷന്‍ നിര്‍ത്തി, അടിമാലിയില്‍ പ്രവേശനോത്സവത്തിനിടെ പ്രതിഷേധം

അടിമാലി: അടിമാലി സർക്കാർ ഹൈസ്‌ക്കൂളിൽ ഒമ്പതാംക്ലാസിലെ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കുന്നുവെന്നാരോപിച്ച് സ്‌കൂളിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെയും പ്രതിഷേധം. അപ്രതീക്ഷിതമായി ഡിവിഷൻ നിർത്തലാക്കാൻ തീരുമാനിച്ചാൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമെന്നാരോപിച്ചായിരുന്നു പ്രധാനാധ്യാപികയുടെ ഓഫീസിൽ പ്രതിഷേധം നടന്നത്. തൽസ്ഥിതി തുടരാമെന്ന ഉറപ്പിൻമേൽ പ്രതിഷേധം അവസാനിച്ചു.


അടിമാലി സർക്കാർ ഹൈസ്‌ക്കൂളിൽ ഇംഗ്ലീഷ് മീഡിയമായാണ് ഒമ്പതാം ക്ലാസിലെ സി ഡിവിഷൻ പ്രവർത്തിച്ച് വന്നിരുന്നത്. അപ്രതീക്ഷിതമായി ഡിവിഷൻ നിർത്തലാക്കാൻ തീരുമാനിച്ചാൽ വിദ്യാർത്ഥികളുടെ പഠനം അവതാളത്തിലാകുമെന്ന് സ്‌കൂളിലേക്ക് പ്രതിഷേധവുമായി എത്തിയ രക്ഷിതാക്കൾ പറഞ്ഞു.


പ്രതിഷേധം തുടർന്നതോടെ പൊലീസ് സ്ഥലത്തെത്തി ഓഫീസിൽ നിന്നും പ്രതിഷേധക്കാരെ മാറ്റി. തൽസ്ഥിതി തുടരാമെന്ന ഉറപ്പിൻമേൽ പിന്നീട് പ്രതിഷേധം അവസാനിപ്പിച്ചു. ഡിവിഷന്റെ പ്രവർത്തനത്തിനായി സ്‌പെഷ്യൽ ഓർഡർ വഴി അധ്യാപരെ നിയമിക്കാൻ ഇടപെടൽ നടത്തുമെന്ന് സ്‌കൂളിന്റെ പ്രധാനാധ്യാപിക പറഞ്ഞു. സ്‌കൂളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിർത്തലാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഡിവിഷൻ തുടരുവാൻ വേണ്ടുന്ന ഇടപെടൽ നടത്തുമെന്നും അടിമാലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി ഡി ഷാജി പറഞ്ഞു.

Previous Post Next Post