രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; നിരീക്ഷണം ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ  വർധിക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്രസർക്കാർ. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ രാജ്യത്ത് 3758 പേർക്ക് കോവിഡ് രോഗബാധയുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുരത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.


കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 1400 കോവിഡ് കേസുകൾ. കേരളത്തിൽ കോവിഡ് ബാധിച്ച് ഇന്നലെ ഒരാൾ കൂടി മരിച്ചു. ചികിത്സയിലായിരുന്ന 24 കാരിയായ യുവതിയാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 506 പേർക്ക് കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. ഡൽഹി, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിലും കോവിഡ് കേസുകളിൽ വർധനയുണ്ട്.


നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതർ സൂചിപ്പിച്ചു. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്‌സിജനും വാക്‌സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. കോവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വർദ്ധനവ് മൂലം നിരീക്ഷണം ശക്തമാക്കാനും ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന വർദ്ധിപ്പിച്ചിട്ടുണ്ട്.

Previous Post Next Post