തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തിൽ നാളെ ( ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതൽ ജൂൺ അഞ്ചിന് ( വ്യാഴാഴ്ച) വൈകീട്ട് അഞ്ച് മണി വരെ വിദ്യാർത്ഥികൾക്ക് പ്രവേശനം തേടാം.
ഇതിനോടൊപ്പം മോഡൽ റെസിഡെൻഷ്യൽ സ്കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും, സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റും പ്രസിദ്ധീകരിക്കും. https: // hscap. kerala.gov. in എന്ന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. പ്രവേശന വെബ്സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽനിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റുമായാണ് പ്രവേശനം നേടേണ്ടത്.
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരം ലഭിക്കില്ല. ബന്ധപ്പെട്ട ബോർഡിൽ നിന്നു യോഗ്യതാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഡിജിലോക്കർ അല്ലെങ്കിൽ ഔദ്യോഗിക വെബ് സൈറ്റിൽനിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്വീകരിക്കും. പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ, സ്വഭാവസർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.
രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നുമാണ് പ്രസിദ്ധീകരിക്കുക. 2025-26 അധ്യയന വർഷത്തെ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ചത് 4,62,768 അപേക്ഷകളാണ്. ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് മെയ് 24-ന് പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് പ്ലസ് വൺ ക്ലാസ്സുകൾ ജൂൺ 18-ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു.