ഇഞ്ചോടിഞ്ച് പോരാട്ടം, കരുത്തുകാട്ടി പി വി അന്‍വര്‍, ആര്യാടന്‍ ഷൗക്കത്തിന് നേരിയ ലീഡ്

കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്് 543 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച വോട്ട് യുഡിഎഫിന് കിട്ടിയില്ല.

വഴിക്കടവിലാണ് ആദ്യം വോട്ട് എണ്ണിയത്. പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വര്‍ കൂടുതല്‍ വോട്ടുകള്‍ പിടിച്ചു. ആദ്യ അരമണിക്കൂറില്‍ 1500ലധികം വോട്ടുകളാണ് പി വി അന്‍വറിന് ലഭിച്ചത്. തുടക്കത്തില്‍ ആര്യാടന്‍ ഷൗക്കത്തിന് 3614 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനായി 3195 വോട്ടുകളാണ് പെട്ടിയില്‍ വീണത്. എന്‍ഡിഎയ്ക്ക് 400 വോട്ടുകളാണ് ലഭിച്ചത്.

ജൂണ്‍ 19ന് നടന്ന വോട്ടെടുപ്പില്‍ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടു ചെയ്തത്. 75.87 ശതമാനമായിരുന്നു പോളിങ്. ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എല്‍ഡിഎഫ്), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) മുന്‍ എംഎല്‍എ പി.വി. അന്‍വര്‍ (സ്വതന്ത്രന്‍) എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്ന പത്തു സ്ഥാനാര്‍ഥികളിലെ പ്രമുഖര്‍. ആദ്യത്തെ 7 റൗണ്ടുകള്‍ യുഡിഎഫ് വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മേഖലകളാണ്. അതിനു ശേഷമാണ് ഇടതു സ്വാധീന മേഖലകള്‍ വരുന്നത്.

ഈ ഉപതെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ എല്‍ഡിഎഫ്,യുഡിഎഫ് മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകുമെന്ന് വിലയിരുത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം വിജയം ഉറപ്പെന്ന നിലപാടുമായി നിലയുറപ്പിച്ച പി വി അന്‍വറിനും ഏറെ നിര്‍ണായകമാണ്. അന്‍വര്‍ പിടിച്ചെടുക്കുന്ന ഓരോ വോട്ടും ഇരുമുന്നണികളുടെയും നെഞ്ചിടിപ്പാകും.

അപ്രതീക്ഷിതമായ അടിയൊഴുക്കുകളൊന്നുമില്ലെങ്കില്‍ പതിനായിരം വോട്ടിനെങ്കിലും ജയിക്കാമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. എം സ്വരാജിന് ലഭിച്ച ജനകീയപിന്തുണയാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ. പതിനായിരം വോട്ടെങ്കിലും പിടിച്ചാല്‍ തന്റെ നിലപാടിന് ജനപിന്തുണയുണ്ടെന്ന് തെളിയിക്കാമെന്നാണ് പി വി അന്‍വര്‍ കരുതുന്നത്. കഴിഞ്ഞ തവണത്തെ 8500 എന്ന അക്കത്തെ പതിനായിരം കടത്താനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജിന്റെ ശ്രമം.
Previous Post Next Post