'വരൂ, ഇനിയും ആക്രമിക്കൂ'; ലൈവ് വാര്‍ത്തയ്ക്കിടെ ഇറാന്‍ ചാനലില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം, വെല്ലുവിളിച്ച് അവതാരക

ടെഹ്‌റാൻ: ആക്രമണം നേരിട്ട ഇറാൻ ടിവിയുടെ സംപ്രേക്ഷണം പുനഃസ്ഥാപിച്ചു. ആക്രമണം നടക്കുമ്പോൾ വാർത്ത വായിച്ചിരുന്ന അതേ അവതാരക തന്നെയാണ് പുനരാരംഭിച്ചപ്പോഴും വാർത്ത വായിച്ചത്. മാധ്യമപ്രവർത്തകരടക്കം നിരവധിപ്പേർ മരിച്ചതായും പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. വീണ്ടും ആക്രമിക്കൂ എന്ന് വെല്ലുവിളിച്ചുകൊണ്ടാണ് അവതാരക വീണ്ടും വാർത്ത വായിച്ചു തുടങ്ങിയത്.


ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ആസ്ഥാനത്താണ് ഇസ്രയേൽ ബോംബിട്ടത്. ലൈവായി വാർത്ത വായിക്കുന്നടിനിടെ അവതാരക ഇറങ്ങി ഓടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഐആർഐബി ടെലിവിഷൻ സ്ഥാപനത്തിന്റെ ആസ്ഥാനത്തിന് നേർക്കാണ് മിസൈൽ ആക്രമണമുണ്ടായത്.


വാർത്ത വായിക്കുന്നതിനിടെ ആക്രമണം ഉണ്ടായതിനെത്തുടർന്ന് പിന്നിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തെഹ്‌റാനിലെ പ്രധാന കെട്ടിടവും മറ്റ് ഓഫീസുകളും തകർന്നതായും നിരവധി ജീവനക്കാർക്ക് ഗുരുതര പരിക്കേറ്റതായും ഐആർബി വ്യക്തമാക്കി. ഇറാനിലെ ഏററ്റവും ജനപ്രീതിയുള്ള വാർത്താ അവതാരക സഹാർ ഇമാമി(Iran News Anchor) വാർത്ത വായിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.


ടെഹ്‌റാനിലെ സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതായി ഇസ്രയേലി ഡിഫൻസ് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്. ഇറാൻ തലസ്ഥാനത്തു നിന്ന് ജനങ്ങളോട് എത്രയും വേഗം ഒഴിഞ്ഞു പോകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ടെഹ്‌റാനിൽ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ വരുന്നത്.

Previous Post Next Post