മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തി (Nilambur byelection 2025 ) നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാർഥി പിവി അൻവർ. ജിഫ്രി തങ്ങളുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. യുഡിഎഫ് - ജമാ അത്തെ ഇസ്ലാമി സഖ്യവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് അൻവർ ജിഫ്രി തങ്ങളെ കണ്ടത്. നേരത്തെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായും അൻവർ കൂടിക്കാഴ്ച നടത്തിയിരുന്നു.
സമസ്ത ഇകെ വിഭാഗത്തിന് മണ്ഡലത്തിലുള്ള ശക്തമായ സ്വാധീനവും സമസ്തയ്ക്കുള്ളിൽ വളർന്നുവരുന്ന ലീഗ് വിരുദ്ധ ചേരിയുടെ വോട്ടുമാണ് അൻവർ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നാണ് വിലയിരുത്തൽ. ഇന്ന് വൈകുന്നേരത്തെ കൊട്ടിക്കലാശം ഒഴിവാക്കി ഭവന സന്ദർശനം മാത്രമാക്കി ചുരുക്കാൻ തീരുമാനിച്ചതിന് ശേഷമുള്ള അൻവറിന്റെ ആദ്യ കൂടിക്കാഴ്ചയാണിത്. യുഡിഎഫ്- ജമാ അത്തെ സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്ത രംഗത്തുവന്നിരുന്നു. ജമാ അത്തെ ഇസ്ലാമി മതവിരുദ്ധമാണെന്ന സമസ്തയുടെ നിലപാടിൽ മാറ്റമില്ലെന്നും നേതാക്കൾ വ്യക്തമാക്കിയിരുന്നു.
കലാശക്കൊട്ടിനില്ലെന്ന് അൻവർ കഴിഞ്ഞ ദിവസം തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 'നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പ്രമേയം നമ്മൾ ഉയർത്തിയ വിഷയങ്ങളാണ്.ഈ വിഷയങ്ങൾ മുഴുവൻ വോട്ടർമാരിലേക്കും എത്തിക്കേണ്ട ചുമതല നമ്മൾ ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്. സമയം അമൂല്യമായതിനാൽ നാളെ കലാശക്കൊട്ടിന്റെ സമയംകൂടി വീടുകൾ കയറി പ്രചരണം നടത്താൻ എല്ലാവരും ശ്രദ്ധിക്കണം. ഈ തzരഞ്ഞെടുപ്പിന്റെ ആവശ്യകതയും പ്രാധാന്യവും ഉൾകൊണ്ടു കൊണ്ടും പൊതു ജനങ്ങളുടെ യാത്രാ സൗകര്യം പരിഗണിച്ചും കലാശക്കൊട്ടിന്റെ സമയം നമ്മൾ വ്യക്തികളെ കാണാനും വീടുകൾ കയറാനും നമ്മുടെ വോട്ടുകൾ ഉറപ്പിക്കാനും വിനിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു' - അൻവർ പറഞ്ഞു.
കൊട്ടിക്കലാശം ഇന്ന് അവസാനിക്കുന്നതോടെ നാളെ നിശബ്ദ പ്രചാരണമാണ്. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. 23നാണ് വോട്ടെണ്ണൽ. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയർത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കിൽ സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.