ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭക്തർക്ക് വഴിപാട് പ്രസാദമായി നൽകുന്ന പാൽപ്പായസത്തിന്റെ വില വർധിപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) തീരുമാനിച്ചു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന് 160 രൂപയിൽ നിന്ന് 260 രൂപയായി ഉയർത്തും. ദിവസവും തയ്യാറാക്കുന്ന പാൽപ്പായസത്തിന്റെ അളവു വർധിപ്പിക്കാനും തീരുമാനമുണ്ട്. നിലവിൽ, എല്ലാ ദിവസവും 225 ലിറ്റർ തയ്യാറാക്കുന്നുണ്ട്. ഇത് വ്യാഴം, ഞായർ, മറ്റ് വിശേഷ ദിവസങ്ങളിൽ 350 ലിറ്ററായും മറ്റ് ദിവസങ്ങളിൽ 300 ലിറ്ററായും വർധിപ്പിക്കും. 14 വർഷങ്ങൾക്ക് ശേഷമാണ് പാൽപ്പായസത്തിന്റെ വില വർധിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വില വർധിപ്പിക്കുന്നാനുള്ള തീരുമാനം ദേവസ്വം ബോർഡിന്റേതാണ്. പായസത്തിനു ആവശ്യക്കാർ ഏറിയിട്ടുണ്ട്. പവിത്രത നിലനിർത്തുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് ഉത്പാദനം നിയന്ത്രിക്കുന്നതെന്ന് ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാർ പറയുന്നു.
ടിഡിബിയും ഹൈക്കോടതിയും തയ്യാറാക്കിയ മാനദണ്ഡങ്ങൾ പാലിച്ചാണ് പാൽപ്പായസം ഭക്തർക്ക് വിതരണം ചെയ്യുന്നത്. ദിവസവും തയ്യാറാക്കുന്ന 225 ലിറ്ററിൽ 70 ലിറ്റർ ഒരു ലിറ്റർ പാത്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്ന ഭക്തർക്ക് വിതരണം ചെയ്യുന്നു. മറ്റൊരു 70 ലിറ്റർ പ്രസാദം ഇതേ അളവിൽ സ്‌പോട്ട്-ബുക്കിങ് അടിസ്ഥാനത്തിൽ ദിവസവും നൽകുന്നു. ഒരാൾക്ക് ഒരു ലിറ്റർ പായസമാണ് പരമാവധി വാങ്ങാൻ സാധിക്കുക. പൂജകൾക്ക് ശേഷം എല്ലാ ദിവസവും രാവിലെ 11 മണി മുതലാണ് പായസം വിതരണം ചെയ്യുന്നത്.
പ്രസാദ വിതരണത്തിനായി ഓൺലൈൻ ബുക്കിങ് സംവിധാനം ഒരുക്കാൻ ടിഡിബി പദ്ധതിയിടുന്നുണ്ട്. ഇതിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിക്കാൻ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആപ്പ് അവതരിപ്പിച്ചതിനു ശേഷം ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കായി 90 ലിറ്റർ ലഭ്യമാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പായസത്തിന്റെ അളവു കൂട്ടുമ്പോൾ അതു തയ്യാറാക്കാനായി വലിയ വാർപ്പ് പാത്രം നിർമിക്കാനുള്ള നടപടികളും ബോർഡ് ആരംഭിച്ചിട്ടുണ്ട്. 350 ലിറ്റർ പായസം തയ്യാറാക്കാൻ ഏകദേശം 1,200 ലിറ്റർ പാത്രം ആവശ്യമാണ്. പാത്രം നിർമിക്കാനുള്ള ടെൻഡർ ഉടൻ വിളിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
അമ്പലപ്പുഴ പാൽപ്പായസമെന്ന പേരിൽ വ്യാജ പ്രസാദങ്ങൾ വ്യാപകമാണ്. ആളുകൾ കബളിപ്പിക്കപ്പെടാതിരിക്കാൻ ബോർഡ് സുരക്ഷാ നടപടികൾ സ്വീകരിക്കും. കണ്ടെയ്‌നറുകളിൽ ഒരു ഹോളോഗ്രാം ഒട്ടിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങളാണ് കൊണ്ടു വരുന്നത്.
അതി മധുരം വന്ന വഴി
അമ്പലപ്പുഴ പാലപ്പായസത്തിന്റെ ഐതിഹ്യം ചെമ്പകശ്ശേരി ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചമ്പക്കുളം, നെടുമുടി, തകഴി, തലവടി, അമ്പലപ്പുഴ, ആലപ്പുഴ എന്നിവയുൾപ്പെടെ എട്ട് കരകളുടെ അധിപനായിരുന്നു അദ്ദേഹം. രാജാവ് തന്റെ സാമ്രാജ്യത്തിലുടനീളം കളരികൾ സ്ഥാപിച്ചു. കളരികൾ അദ്ദേഹം ഇടയ്ക്കിടെ സന്ദർശിക്കാറുണ്ട്. തലവടിയിലെ കളരിയിൽ അത്തരമൊരു സന്ദർശന വേളയിൽ രാജാവ് ഒരു പ്രാദേശിക ബ്രാഹ്മണ ഭൂവുടമയുമായി ചതുരം?ഗം കളിച്ചു.
ആ സമയത്ത് വെട്ടുകിളിയുടെ ആക്രമണം കാരണം രാജാവിന് നെൽവിത്തിന് ക്ഷാമം നേരിടേണ്ടി വന്നു. വിളവെടുപ്പിനു ശേഷം അത് തിരികെ നൽകാമെന്ന് സമ്മതിച്ചുകൊണ്ട് 5,000 പറ വിത്തുകൾ അദ്ദേഹം ഭൂവുടമയോട് ആവശ്യപ്പെട്ടു. വിത്തുകൾ പലിശ സഹിതം തിരികെ നൽകുമെന്ന വ്യവസ്ഥയിൽ ബ്രാഹ്മണൻ അഭ്യർഥന പാലിക്കാൻ സമ്മതിച്ചു. രാജാവ് തന്റെ മന്ത്രിയോട് വിത്തുകൾ തിരികെ നൽകുന്നുവെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
എന്നാൽ, മന്ത്രി ആ ഉത്തരവ് മനഃപൂർവം അവഗണിച്ചു. വളരെക്കാലത്തിനു ശേഷം ബ്രാഹ്മണൻ രാജാവിനെ കാണാനും വിത്തുകൾ തിരികെ നൽകണമെന്ന് ആവശ്യപ്പെടാനും അമ്പലപ്പുഴയിൽ എത്തി. അപ്പോഴാണ് രാജാവിന് തന്റെ മന്ത്രി തന്നെ വഞ്ചിച്ചതായി മനസിലായത്. പലിശ സഹിതം തിരികെ നൽകേണ്ട വിത്തുകളുടെ അളവ് അപ്പോഴേക്കും 36,000 പറയായി മാറിയിരുന്നു.
കോപാകുലനായ രാജാവ് തന്റെ മന്ത്രിയെ വിളിച്ചുവരുത്തി വിത്തുകൾ തിരികെ നൽകുന്നതിനുള്ള ക്രമീകരണം നടത്താൻ ഉത്തരവിട്ടു. ഉടൻ തന്നെ, മന്ത്രി പ്രാദേശിക പ്രഭുക്കന്മാരോട് രാജ്യത്തെ എല്ലാ കരകളിൽ നിന്നും വിത്തുകൾ ശേഖരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ദൂതൻമാരെ അയച്ചു. ശേഖരിച്ച വിത്തുകൾ ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൂട്ടിയിട്ടു.
അപമാനിതനായ മന്ത്രി ബ്രാഹ്മണനോട് ഉച്ച പൂജയ്ക്ക് മുൻപ് പങ്ക് എടുക്കാൻ ഉത്തരവിട്ടു. പക്ഷേ ചരക്ക് നീക്കാൻ ഒരു സഹായവും നൽകരുതെന്ന് തൊഴിലാളികളോട് നിർദ്ദേശിക്കുകയും ചെയ്തു. നിസഹായനായ ബ്രാഹ്മണൻ മുഴുവൻ വിത്തുകളും ക്ഷേത്രത്തിലേക്ക് സമർപ്പിച്ചു. അദ്ദേഹം മൂന്ന് കൈപ്പിടി എടുത്ത് ശ്രീകോവിലിൽ സമർപ്പിച്ചു. തന്റെ കൈവശമുള്ള 36,000 പറ നെല്ല് ഉപയോഗിച്ച് ദേവന് പാൽപ്പായസം നിവേദ്യമായി സമർപ്പിക്കാമെന്നു ക്ഷേത്ര അധികാരികൾ പ്രതിജ്ഞ ചെയ്യണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചു. തുടർന്ന് രാജാവ്, ദേവനും ഭക്തർക്കും പ്രായശ്ചിത്തമായി പാൽപ്പായസം അർപ്പിക്കാൻ ഉത്തരവിട്ടു- അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ കോയ്മസ്ഥാനി വിജെ ശ്രീകുമാർ വിവരിച്ചു.