പന്നിക്കെണിയില്‍ നിന്ന് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: നരഹത്യക്ക് കേസെടുത്തു‌.


പന്നിക്കെണിയില്‍ നിന്ന് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനപൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു‌.

ബിഎൻഎസ് 105 വകുപ്പ് പ്രകാരമാണ് വഴിക്കടവ് പോലീസ് കേസെടുത്തത്. എഫ്‌ഐആറില്‍ ആരെയും പ്രതി ചേർത്തിട്ടില്ലെങ്കിലും കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരമാണ് പന്നിയെ പിടിക്കാൻവച്ച വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി അനന്തു മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയുടെ നില ഗുരുതരമാണ്. സമീപത്തെ തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് അനന്തുവിന് ഷോക്കോറ്റതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

അനധികൃത ഫെന്‍സിംഗില്‍ നിന്നാണ് അനന്തുവിന് ഷോക്കേറ്റതെന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് ഷോക്കേല്‍ക്കുകയും ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തില്‍ വ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും യുഡിവൈഎഫും രംഗത്തെത്തി.

റോഡ് ഉപരോധിച്ചായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതിഷേധം. കുട്ടികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിക്ക് സമീപം സംഘര്‍ഷാവസ്ഥ തുടരുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

Previous Post Next Post