'ഞങ്ങളെ പിന്തുണയ്ക്കുമ്പോള്‍ മതേതരവാദികള്‍, യുഡിഎഫിനൊപ്പമെങ്കില്‍ വര്‍ഗീയ പാര്‍ട്ടി; സിപിഎമ്മിന്റേത് ഇരട്ടത്താപ്പ്': വി ഡി സതീശന്‍

മലപ്പുറം: ജമാ അത്തെ ഇസ്ലാമി സിപിഎമ്മിന് വർഗീയവാദിയായത് യുഡിഎഫിനെ പിന്തുണച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുമ്പ് സിപിഎമ്മിന് പിന്തുണ നൽകിയപ്പോൾ ജമാഅത്തെ ഇസ്‌ലാമി മതേതര പാർട്ടിയായിരുന്നു. യുഡിഎഫിനെ പിന്തുണച്ചപ്പോൾ വർഗീയ പാർട്ടിയായി എന്നതാണ് സിപിഎം നിലപാട്. പിണറായി വിജയൻ മുമ്പ് ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി ചർച്ചകൾ നടത്തിയിരുന്നു. മുസ്ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ ബോധമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമിയെന്ന് 2009ൽ പിണറായി വിജയൻ പറഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.


'സിപിഎമ്മിന് ജമാഅത്തെ ഇസ്ലാമിയുമായി പൂർവബന്ധമുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി സിപിഎം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ തേടി മത്സരിച്ചിരുന്നു. വ്യക്തമായ രാഷ്ട്രീയ നിലപാടുള്ള സംഘടനയാണ് ജമാ അത്തെ ഇസ്‌ലാമിയെന്ന് പിണറായി വിജയൻ അന്ന് പറഞ്ഞപ്പോൾ ആർക്കും പ്രശ്നമില്ലായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് നിരുപാധിക പിന്തുണ നൽകിയിട്ടുണ്ട്. അത് ഞങ്ങൾ സ്വീകരിക്കും'. വി ഡി സതീശൻ പറഞ്ഞു.


മുമ്പ് അബ്ദുൾ നാസർ മഅദനിയെ വർഗീയവാദി എന്നു വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. തീവ്രവാദ പ്രവർത്തനം നടത്തിയ മദനിയെ പിടിച്ച് തമിഴ്‌നാട് സർക്കാരിന് കൈമാറി എന്ന് പിആർഡിയുടെ രേഖയിലിട്ട സർക്കാരാണ് ഇടതു സർക്കാർ. ഇപ്പോൾ പിഡിപിയുടെ പിന്തുണ സ്വീകരിക്കുന്നതിൽ ഒരു വിഷമവുമില്ല. എൽഡിഎഫിനെ പിന്തുണയ്ക്കാനുള്ള ജമാ അത്തെ ഇസ്ലാമിയുടെ തീരുമാനം ആശാവഹവും ആവേശകരവും എന്നാണ് ദേശാഭിമാനി മുഖപ്രസംഗം എഴുതിയതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.


ഈ ഇരട്ടത്താപ്പ് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ഞങ്ങളെ പിന്തുണയ്ക്കുമ്പോൾ നല്ലത്. ഇതെന്തു നിലപാടാണ്?. സിപിഎമ്മിന്റെ വർഗീയ വിരുദ്ധ നിലപാടിന്റെ കാപട്യം കൂടുതൽ പറയിക്കരുത്. എൽഡിഎഫിനെ പിന്തുണക്കുന്ന സമയത്ത് ജമാഅത്തെ ഇസ്‌ലാമിയെ മതരാഷ്ട്രവാദികളെന്ന് ഞങ്ങൾ വിളിച്ചിട്ടില്ല. അങ്ങനെയൊരു നിലപാടൊന്നും അവർ സ്വീകരിക്കുന്നില്ല. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ല. യുഡിഎഫിൽ അസോസിയേറ്റ് മെമ്പറാക്കുന്നത് സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അങ്ങനെയൊരു ആവശ്യം അവർ ഉന്നയിച്ചിട്ടില്ലെന്നും വിഡി സതീശൻ പറഞ്ഞു.


വർഗീയ വിരുദ്ധത പറയുന്ന സിപിഎം ബിജെപിയുമായി പരസ്യമായ ബാന്ധവത്തിലാണ്. ബിജെപി നിലമ്പൂരിൽ മത്സരിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ഒടുവിൽ സമ്മർദ്ദം വന്നപ്പോൾ തീരെ അപ്രസക്തനായ സ്ഥാനാർത്ഥിയെ ബിജെപി നിർത്തി. ഇവിടെ സിപിഎം- ബിജെപി രഹസ്യമായ ബാന്ധവമാണെന്ന് എല്ലാവർക്കും അറിയാം. ബിജെപിയുടെ സാന്നിധ്യം പോലും കാണാനില്ല. ഇവിടെ യുഡിഎഫും എൽഡിഎഫും നേരിട്ട് ഏറ്റുമുട്ടുകയാണ്. പൊളിറ്റിക്കലായാണ് യുഡിഎഫ് തെരഞ്ഞെടുപ്പിന് നേരിടുന്നത്. ഇടതുസർക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചാണ് യുഡിഎഫ് വോട്ടു തേടുന്നത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫിന് പിന്തുണ നൽകിയിട്ടുള്ളതാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

Previous Post Next Post