ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ( Narendra Modi ) കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പ് മന്ത്രിമാർ നിർബന്ധമായും ആർടിപിസിആർ ടെസ്റ്റ് നടത്തിയിരിക്കണമെന്ന് നിർദേശം. ഡൽഹി മുഖ്യമന്ത്രിയും മന്ത്രിമാരും ബിജെപി എംപിമാരും എംഎൽഎമാരും പ്രധാനമന്ത്രിയെ സന്ദർശിക്കാനിരിക്കെയാണ് പുതിയ നിർദേശം.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രി ഔദ്യോഗിക വസതിയിൽ ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മന്ത്രിമാർ, ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിമാർ, എംഎൽഎമാർ, ഡൽഹിയിലെ ബിജെപിയുടെ പ്രധാന നേതാക്കൾ തുടങ്ങിയവർക്ക് വിരുന്നൊരുക്കിയിട്ടുള്ളത്. രാത്രി 7. 30 നാണ് വിരുന്ന് നടത്തുന്നത്.
വിരുന്നിന് മുന്നോടിയായി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം ഡൽഹിയിലെ 70 ഓളം നേതാക്കൾ കൂട്ടത്തോടെ, കോവിഡ് പരിശോധനയായ ആർടിപിസിആർ ടെസ്റ്റിന് വിധേയരായിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 7000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പുതിയ കേസുകളും, 6 കോവിഡ് മരണങ്ങളും ഉണ്ടായതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കേരളത്തിലും, രണ്ടെണ്ണം കർണാടകയിലും ഒരെണ്ണം മഹാരാഷ്ട്രയിലുമാണ്. കേരളത്തിൽ 170 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ആകെ കോവിഡ് കേസുകളുടെ എണ്ണം 2000 കടന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.