കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനിൽ 40 ലക്ഷം രൂപ കവർന്നു. സ്‌കൂട്ടറിലെത്തിയ ഒരാളാണ് പണം കവർന്നത്. .പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. എന്നാൽ 40 ലക്ഷം മാത്രമാണോ എന്ന കാര്യത്തിൽ ഇനിയും കൃത്യത വന്നിട്ടില്ല. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
പന്തീരാങ്കാവിൽ ഉച്ചയോടുകൂടിയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യിൽ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡിൽ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാൻസ് എന്ന സ്ഥാപനത്തിന് മുന്നിൽ വെച്ച് ഷിബിൻ ലാൽ എന്ന വ്യക്തി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റർ വാഹനത്തിൽ കടന്നുകളയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഷിബിൻലാലിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പണം നഷ്ടപ്പെട്ടയുടൻ തന്നെ ജീവനക്കാരൻ ബാങ്കിൽ തിരിച്ചെത്തി വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് ഷിബിൻ ലാൽ എന്ന പ്രതിയിലേയ്ക്ക് പൊലീസ് എത്തിയത്. പ്രാഥമിക വിവരങ്ങൾ മാത്രമാണ് ഇപ്പോൾ പൊലീസ് പുറത്തു വിട്ടിരിക്കുന്നത്.
ഫറൂഖ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ പൊലീസ് സംഭവ സ്ഥലത്ത് എത്തി സമീപ പ്രദേശത്തെ സിസിടിവി പരിശോധിച്ചതിൽ ന്നാണ് ഷിബിൻ ലാൽ ആണ് പ്രതിയെന്ന നിഗമനത്തിൽ പൊലീസ് എത്തി. പണം കവർച്ച നടത്തിയതിന് ശേഷം അധിക ദൂരം പോകാൻ സാധ്യതയില്ലാത്തതിനാൽ വാഹനങ്ങളിൽ പൊലീസ് പരിശോധന നടത്തുകയാണ്.