കോട്ടയം: സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയത് വിവാദത്തിൽ. ഇതേത്തുടർന്ന് ജില്ലാ നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പോസ്റ്റർ പിൻവലിച്ചു. ജൂൺ 13, 14, 15 തിയതികളിൽ കോട്ടയം പാക്കിൽ നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായാണ് പോസ്റ്റർ ഇറക്കിയത്.
ത്രിവർണ പതാകയേന്തിയ ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്. ഈ പോസ്റ്റർ മണ്ഡലം കമ്മിറ്റിയുടെ സോഷ്യൽ മീഡിയ പേജുകളിൽ അടക്കം ഷെയർ ചെയ്തിരുന്നു. ഇതിനുശേഷമാണ് പിൻവലിക്കാൻ പാർട്ടി ജില്ലാ നേതൃത്വം നിർദേശം നൽകിയത്.
പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ഒപ്പം ദേശീയപതാക കൂട്ടിച്ചേർക്കുന്നത് ശരിയല്ലെന്നും, പോസ്റ്ററിനെപ്പറ്റി വിവരം ലഭിച്ചപ്പോൾ തന്നെ അത് പിൻവലിക്കാൻ നിർദേശം നൽകിയെന്നും സിപിഐ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞു.
കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്ഭവനിൽ നടത്താൻ നിശ്ചയിച്ച ലോകപരിസ്ഥിതി ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കാവിക്കൊടിയേന്തിയ ഭാരതമാതാവിന്റെ ചിത്രത്തെച്ചൊല്ലി സർക്കാർ ബഹിഷ്‌കരിച്ചതോടെയാണ് ഭാരതാംബ വിഷയം വിവാദമായത്. തുടർന്ന് കൃഷിമന്ത്രി പി പ്രസാദ് ചടങ്ങിൽ നിന്നും വിട്ടുനിൽക്കുകയും ചെയ്തിരുന്നു.