കൽപ്പറ്റ: വയനാട്ടിലെ (wayanad ) ചൂരൽമലയ്ക്ക് സമീപമുള്ള കരിമറ്റം വനത്തിൽ ഉണ്ടായ ഉരുൾപൊട്ടൽ, ( Karimattom landslide ) പരിസ്ഥിതി വിദഗ്ധരിലും വനം വകുപ്പ് അധികൃതരിലും ആശങ്കയുണ്ടാക്കുന്നു. മെയ് 28 ന് ഉണ്ടായ കനത്ത മഴയെത്തുടർന്ന് നിലമ്പൂർ വനമേഖലയിലുണ്ടായ ഉരുൾപൊട്ടൽ, മെയ് 30 ന് മാത്രമാണ് അധികൃതർ അറിയുന്നത്. ഇതുമൂലം നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തുന്നതിലും കാലതാമസം നേരിട്ടു.
മലപ്പുറം ജില്ലയുടെ അതിർത്തിയോട് ചേർന്നതും ജനവാസമില്ലാത്തതുമായ വനപ്രദേശത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. ജനവാസ കേന്ദ്രങ്ങളില്ലാത്തതിനാൽ, ആളപായമോ സ്വത്ത് നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മെയ് 31 ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോർ കമ്മിറ്റിയിൽ നിന്നും മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നുമുള്ള സംയുക്ത സംഘം സ്ഥലത്ത് പരിശോധന നടത്തി. മണ്ണിടിച്ചിൽ മിതമായ തോതിലുള്ളതാണെന്നാണ് വിലയിരുത്തൽ.
നിലവിൽ ഇത് ഭീഷണി ഉയർത്തുന്നില്ലെങ്കിലും, വരും ആഴ്ചകളിൽ മഴക്കാലം ശക്തി പ്രാപിക്കുന്നതോടെ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഉദ്യോഗസ്ഥർ തള്ളിക്കളഞ്ഞിട്ടില്ല. 'ഇത് വനപ്രദേശവും പാരിസ്ഥിതികമായി ദുർബലവുമായ മേഖലയാണ്. ആളുകൾക്ക് ഭീഷണിയില്ലെങ്കിലും, ഇത്തരം സംഭവങ്ങൾ പ്രത്യേകിച്ച് മഴക്കാലത്ത്, നിരന്തരമായ നിരീക്ഷണത്തിന്റെ ആവശ്യകത വിളിച്ചോതുന്നു. ' പരിശോധനാ സംഘത്തിലെ മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
നിലവിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപത്തെ, കരിമറ്റം എസ്റ്റേറ്റ് പ്രദേശത്ത് 1984 ൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ചൂരൽമലയോടു ചേർന്നുണ്ടായിട്ടുള്ള ഈ മണ്ണിടിച്ചിൽ, ഈ മേഖലയെ കൂടുതൽ പാരിസ്ഥിതിക ഭീഷണി നിറഞ്ഞ മേഖലയാക്കി മാറ്റുന്നു. കഴിഞ്ഞ വർഷം ചൂരൽമലയിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ രണ്ടു ഗ്രാമങ്ങളാണ് ഒലിച്ചുപോയത്. ആവർത്തിച്ചുള്ള മണ്ണിടിച്ചിൽ വൻതോതിലുള്ള കാലാവസ്ഥാ, പാരിസ്ഥിതിക മാറ്റങ്ങളുടെ ലക്ഷണമാണെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. മണ്ണിടിച്ചിൽ കണ്ടെത്തൽ വൈകിയത് കണക്കിലെടുത്ത്, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ മികച്ച മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങളും തത്സമയ നിരീക്ഷണവും ആവശ്യമാണ്.
പരിശോധനാ റിപ്പോർട്ട് ഉടൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ചൂരൽമലയ്ക്കും വയനാട് മേഖലയ്ക്കും ചുറ്റുമുള്ള ദുർബല പാരിസ്ഥിതിക പ്രദേശങ്ങളിൽ ബോധവൽക്കരണ കാമ്പെയ്നുകൾ, മണ്ണിന്റെ സ്ഥിരത പരിശോധന, റാപ്പിഡ് ആക്ഷൻ സംഘങ്ങളെ വിന്യസിക്കൽ എന്നിവയുൾപ്പെടെ മഴക്കാല തയ്യാറെടുപ്പ് നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തിവരികയാണ്. മണ്ണിടിച്ചിൽ സ്ഥലത്തെ വില്ലേജ് ഓഫീസർ ജില്ലാ അടിയന്തര മാനേജ്മെന്റ് വകുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
അതേസമയം, കരിമറ്റം വനപ്രദേശത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മണ്ണിടിച്ചിൽ സമീപത്തെ ജനവാസ കേന്ദ്രങ്ങൾക്ക് ഭീഷണിയല്ലെന്ന് ജില്ലാ കലക്ടർ ഡി ആർ മേഘശ്രീ വ്യക്തമാക്കി. ചാലിയാർ നദിയുടെ ഒരു പോഷകനദി അതേ മലയിൽ നിന്ന് ഉത്ഭവിച്ച് അരണപ്പുഴ മേഖലയിലൂടെ ഒഴുകുന്നുണ്ട്. മണ്ണിടിച്ചിൽ ഈ ജലപ്രവാഹത്തിനോ പ്രാദേശത്തെ ജനസമൂഹത്തിനോ എന്തെങ്കിലും തടസ്സമോ ഭീഷണിയോ സൃഷ്ടിച്ചതായി നിലവിൽ തെളിവുകളൊന്നുമില്ലെന്നും കലക്ടർ വ്യക്തമാക്കി.