മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അഖില ഭാരത ഹിന്ദുമഹാസഭ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് പിന്തുണ പ്രഖ്യാപിച്ചു. നിലമ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അഖില ഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് ആണ് എൽഡിഎഫിനെ പിന്തുണക്കുന്ന കാര്യം അറിയിച്ചത്.
നിലമ്പൂരിലെ എൽഡിഎഫിന്റെ വിജയം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നിലമ്പൂരിൽ പറഞ്ഞു. കേരളത്തിൽ പിണറായി സർക്കാർ വികസനത്തിന്റെ തേരോട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുമഹാസഭ മലപ്പുറം ജില്ലാ പ്രസിഡന്റ് പ്രകാശും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്വരാജിന് പിഡിപി കഴിഞ്ഞദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വൻ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഫാഷിസത്തിന് തടയിടാൻ എൽഡിഎഫിന് മാത്രമേ കഴിയൂവെന്ന് പിന്തുണ അറിയിച്ചുകൊണ്ട് പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ വ്യക്തമാക്കിയിരുന്നു.
ജമാത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘടനയായ വെൽഫെയർ പാർട്ടി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ അറിയിച്ചിരുന്നു. ജമാ അത്തെ ഇസ്ലാമി യുഡിഎഫിനെ പിന്തുണയ്ക്കുന്നതിനെ സിപിഎമ്മും എൽഡിഎഫും രൂക്ഷമായി വിമർശിച്ചു. ജമാ അത്തെ ഇസ്ലാമി ലോകത്തെമ്പാടുമുള്ള വർഗീയശക്തിയാണ്. ഇസ്ലാമിക രാഷ്ട്രം വേണമെന്ന് വാദിക്കുന്നവരാണ് അവർ. എന്നാൽ പിഡിപി പീഡിത വിഭാഗമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടിരുന്നു.