അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഡിഎൻഎ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്. മൃതദേഹം നാളെ സ്വന്തം നാടായ പത്തനംതിട്ടയിൽ എത്തിക്കും. സഹോദരന്റെ ഡിഎൻഎ സാംപിൾ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാൻ വേണ്ട പരിശോധന നടത്തിയത്. എന്നാൽ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എൻ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 270 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. ഡിഎൻഎ പരിശോധയിൽ 231 ശരീരങ്ങൾ തിരിച്ചറിഞ്ഞിട്ടും രഞ്ജിതയുടെ ശരീരം മാച്ചിങ്ങിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുറത്തുവന്ന വന്ന ഫലത്തിലാണ് ഇപ്പോൾ ശരീരം കണ്ടെത്തിയത്. ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങൾ ഉൾപ്പെടെ മരിച്ചവരിൽ 251 പേരെ തിരിച്ചറിഞ്ഞു. അതിൽ 245 പേരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു.
കേരളത്തിൽ സർക്കാർ സർവീസിൽ നഴ്‌സായിരുന്ന രഞ്ജിത ജോലിയിൽ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സർക്കാർ ജോലിയിൽ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങൾ പുർത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തിൽ ഉൾപ്പെട്ടത്.
അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട വിമാനം കഴിഞ്ഞ ജൂൺ 12നാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തകർന്നുവീണത്. വിമാനതാവളത്തിന് സമീപത്തെ ബിജെ മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹോസ്റ്റലിന് മുകളിൽ ആയിരുന്നു വിമാനം തകർന്നുവീണത്. 242 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 169 പേർ ഇന്ത്യക്കാരും 53 പേർ ബ്രിട്ടീഷ് പൗരന്മാരും ഏഴ് പേർ പോർച്ചുഗീസ് പൗരന്മാരും ഒരാൾ കനേഡിയൻ പൗരനുമായിരുന്നു. യാത്രക്കാരിൽ ഒരാൾ മാത്രമണ് വിമാന ദുരന്തത്തെ അതിജീവിച്ചത്.
