യുഡിഎഫിന് വോട്ട് കുറഞ്ഞു, വര്‍ഗീയ, തീവ്രവാദ ശക്തികളെ ചേര്‍ത്തുനിര്‍ത്തി നേടിയ വിജയം; എം വി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജനവിധി അംഗീകരിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം സംബന്ധിച്ച് പരിശോധിക്കും. ആവശ്യമായ നിലപാടുകൾ സ്വീകരിക്കും. തിരുത്തലുകൾ ആവശ്യമെങ്കിൽ അതും ചെയ്യും. വർഗീയ, തീവ്രവാദ ശക്തികളെ ചേർത്തുനിർത്തി നടത്തിയ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് യുഡിഎഫ് വിജയിച്ചതെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു. തെരഞ്ഞെടുപ്പിൽ കഴിഞ്ഞതവണത്തെ അപേക്ഷിച്ച് യുഡിഎഫിന് വോട്ട് കുറഞ്ഞതായും എം വി ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.


2021ലെ നിയമസഭ തെരഞ്ഞടെുപ്പിൽ യുഡിഎഫിന് 78527 വോട്ടാണ് ലഭിച്ചത്. ഇത്തവണ കിട്ടിയത് 77,057 ആണ്. കഴിഞ്ഞതവണ കിട്ടിയ വോട്ട് ഇത്തവണ നിലനിർത്താൻ സാധിച്ചില്ല. ഏകദേശം 1400 വോട്ടുകളുടെ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. രാഷ്ട്രീയമായി ജയിച്ച് കയറാൻ സാധിക്കുന്ന മണ്ഡലങ്ങളുടെ പട്ടികയിൽ അല്ല നിലമ്പൂർ നിയോജക മണ്ഡലം. നിലമ്പൂരിൽ കഴിഞ്ഞ കുറെ നാളുകളായി മത്സരിച്ച സന്ദർഭങ്ങളിൽ ഓരോ ഘട്ടങ്ങളിലും ലഭിച്ച വോട്ടുകൾ പരിശോധിക്കുമ്പോൾ പുറമേ നിന്ന് കിട്ടിയ വോട്ടുകൾ കൂടി ലഭിച്ചപ്പോഴാണ് വിജയിക്കാൻ കഴിഞ്ഞത്. ഇത്തവണ എൻഡിഎയ്ക്ക് 8706 വോട്ടുകൾ ആണ് ലഭിച്ചത്. കഴിഞ്ഞ തവണ 12,284 വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ജയസാധ്യത ഇല്ലായെന്ന് മനസിലാക്കി ബിജെപി വോട്ടുകൾ വലതുപക്ഷത്തിന് പോയി. ഇടതുപക്ഷം ജയിക്കാതിരിക്കാൻ വലതുപക്ഷത്തിന് വോട്ട് ചെയ്തതായി ബിജെപി സ്ഥാനാർഥി തന്നെ പറഞ്ഞിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി സഹായിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പിൽ മാത്രമല്ല ഇതിന് മുൻപുള്ള തെരഞ്ഞെടുപ്പുകളിലും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ടുകൾ വലതുപക്ഷത്തിന് ലഭിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധിക്കാതിരുന്നവർ എന്തുകൊണ്ട് ഇപ്പോൾ പ്രതിഷേധിക്കുന്നു എന്നാണ് വിഡി സതീശന്റെ ചോദ്യം. ഇത്തവണ അവർക്ക് അനുകൂലമായി കുറച്ച് വോട്ട് അവരിൽ നിന്ന് ലഭിച്ചു എന്നത് ശരിയാണ്. എന്നാൽ ഭാവിയിൽ ദൂരവ്യാപകമായ ഫലം ഉളവാക്കുന്ന ഒന്നാണ് എന്നതിൽ യാതൊരു സംശയവുമില്ലെന്നും എം വി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.


ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയത, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയ പോലുള്ള സംഘടനയെയും പൂർണമായി ഉപയോഗിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പിൽ കണ്ടത്. ഈ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടിൽ വർധന ഉണ്ടായിട്ടുണ്ട്. ആ വർധനയ്ക്ക് അനുസരിച്ച് യുഡിഎഫ് വോട്ടുകൾ വർധിച്ചിട്ടില്ല. കഴിഞ്ഞതവണത്തേക്കാൾ വോട്ടുകൾ കുറയുകയാണ് ചെയ്തത്. വർഗീയ, തീവ്രവാദ ശക്തികളെ കൂടി ചേർത്ത് നടത്തിയിട്ടുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി നേടാൻ കഴിഞ്ഞിട്ടുള്ള ഒന്നാണിത്. ഇത് സാമൂഹിക ജീവിതത്തിൽ, രാഷ്ട്രീയ സമൂഹത്തിൽ ഗൗരവകരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നതിൽ യാതൊരു സംശയവുമില്ല. മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന ജനാധിപത്യ ശക്തികൾ ഈ ഗൗരവകരമായ അവസ്ഥ തിരിച്ചറിയണം. എല്ലാ വർഗീയ ശക്തികളെയും മാറ്റി നിർത്തി കൊണ്ടാണ് മതനിരപേക്ഷ ജനത ഇടതുപക്ഷത്തിന് ഇത്രയും വമ്പിച്ച വോട്ട് നൽകിയത്. 66,660 വോട്ട് ആണ് എൽഡിഎഫിന് ലഭിച്ചത്. എല്ലാ വർഗീയ ശക്തികളെയും ഒന്നിച്ചുനിർത്തി കള്ളപ്രചാരവേല നടത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ അക്രമിക്കുന്ന ശ്രമമാണ് അവർ നടത്തിയത്. അതിനെ അതിജീവിച്ച് കൊണ്ട് മതനിരപേക്ഷ ജനവിഭാഗങ്ങളുടെ പിന്തുണ നേടാൻ എൽഡിഎഫിന് കഴിഞ്ഞെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


Previous Post Next Post