'നന്ദി ഉണ്ട് മാഷേ'; എം വി ഗോവിന്ദനെതിരെ പരോക്ഷ വിമര്‍ശനവുമായി റെഡ് ആര്‍മി

കണ്ണൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ 'റെഡ് ആർമി' യുടെ ഫെയ്‌സ്ബുക്ക് പേജിൽ പരോക്ഷവിമർശനം. 'നന്ദി ഉണ്ട് മാഷേ' എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് 'റെഡ് ആർമി'യുടെ പരോക്ഷവിമർശനം. നേരത്തെ 'പി ജെ ആർമി' എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.


അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോൾ ആർഎസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തിൽ പറഞ്ഞതിൽ വ്യക്തത വരുത്തി ഗോവിന്ദൻ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദൻ വ്യക്തമാക്കിയിരുന്നു. ആർഎസ്എസുമായി സിപിഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദൻ പിന്നീട് വിശദീകരിച്ചു. എം വി ഗോവിന്ദൻ തന്നെ വസ്തുതകൾ വിശദീകരിച്ചിട്ടുണ്ടെന്നും ആർഎസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.


വലിയ വിമർശനമാണ് ഗോവിന്ദന്റെ പരാമർശം വിളിച്ചുവരുത്തിയത്. നിലമ്പൂരിൽ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് സഖ്യം ചേരുന്നതിൽ എൽഡിഎഫ് വിമർശനം ഉയർത്തുന്നതിനിടെയായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. തുടർന്ന് മുഖ്യമന്ത്രി തന്നെ ഗോവിന്ദന് താക്കീതുമായി രംഗത്തുവന്നിരുന്നു. മൈക്ക് കാണുമ്പോൾ എന്തും വിളിച്ച് പറയരുത് എന്ന പരോക്ഷ വിമർശനമാണ് പിണറായി വിജയൻ നടത്തിയത്. തിരുവനന്തപുരത്ത് എകെജി സെന്ററിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും പങ്കെടുത്ത തദ്ദേശ തെരഞ്ഞെടുപ്പ് അവലോകന യോഗത്തിലായിരുന്നു എം വി ഗോവിന്ദനുള്ള പിണറായി വിജയന്റെ താക്കീത്.

Previous Post Next Post