വൈകിക്കേണ്ട; നാട്ടിലേക്ക് പണം അയക്കാൻ പറ്റിയ സമയം ഇതാണ്


 ഇറാൻ - ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം താഴ്ന്നു. കഴിഞ്ഞ എട്ട് ആഴ്ചകളിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. ഒരു ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ 23.45 എന്ന നിലയിലായിരുന്നു വ്യാപാരം നടക്കുന്നത് . ഇത് യുഎഇയിലുള്ള ഇന്ത്യൻ പ്രവാസികൾക്ക് വലിയ നേട്ടമാണ് . ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് രൂപയുടെ മൂല്യത്തിൽ 0.7 ശതമാനത്തോളം ഇടിവ് ആണ് രേഖപ്പെടുത്തിയത്. ഇതോടെ യുഎഇയിലുള്ള ഇന്ത്യക്കാർക്ക് ഈ സമയം നാട്ടിലേക്ക് പണമയക്കുകയാണെങ്കിൽ മികച്ച വിനിമയ നിരക്ക് ലഭിക്കും. മറ്റു ഗൾഫ് രാജ്യങ്ങളിലും ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ സമാനമായ രീതിയിൽ കുറവ് വന്നിട്ടുണ്ട്. ഒരു ബഹ്‌റിൻ ദിനാറിന്റെ ഇന്നത്തെ വില 86.18 ആണ്. ഒരു ഒമാൻ റിയാലിന്റെ ഇന്നത്തെ വില 224.32 യും സൗദി റിയാൽ 22.99 രൂപയിലുമാണ് വ്യാപാരം തുടരുന്നത്.


എന്നാൽ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായാണ് ബാധിക്കുക എന്നാണ് വിലയിരുത്തൽ. ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായപ്പോൾ എണ്ണവില 10% വർധിച്ചിരുന്നു. ഇത് വലിയ തിരിച്ചടി ആകുമെന്നാണ് കണക്ക് കൂട്ടുന്നത്. എണ്ണ ഇറക്കുമതിയിൽ വരുന്ന ചെലവുകൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച നിലനിർത്തുന്നതിൽ ഏറ്റവും ആശങ്ക ഉളവാക്കുന്ന ഘടകം ആകുമെന്ന് വിദഗ്‌ദ്ധർ അവകാശപ്പെട്ടു.

Previous Post Next Post