കാത്തിരിപ്പിനൊടുവിൽ ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക്; ആക്സിയം 4 വിക്ഷേപണം ജൂൺ 19ന് നടന്നേക്കും

ദില്ലി: പലകുറി മാറ്റിവച്ച ആക്സിയം 4 ബഹിരാകാശ ദൗത്യ വിക്ഷേപണം ജൂൺ 19ന് നടക്കുമെന്ന് കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് മന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐഎസ്എസ്) ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല അടക്കം നാല് പേരെ വഹിച്ചുകൊണ്ടുള്ള ദൗത്യമാണ് ആക്സിയം 4. സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസ്, നാസയും സ്പേസ് എക്സുമായി സഹകരിച്ചാണ് ഈ ദൗത്യം ഐഎസ്എസിലേക്ക് നടത്തുന്നത്. ബഹിരാകാശ രംഗത്തെ ഇന്ത്യ-നാസ സഹകരണത്തിൻറെ ഭാഗമായാണ് 39-കാരനായ ശുഭാംശു ശുക്ല ആക്സിയം 4 ദൗത്യത്തിൽ ബഹിരാകാശത്തേക്ക് പോകാൻ കാത്തിരിക്കുന്നത്.


നാസയും സ്പേസ് എക്സുമായി ചേർന്ന് ആക്സിയം സ്പേസ് സംഘടിപ്പിക്കുന്ന സ്വകാര്യ ബഹിരാകാശ ദൗത്യമാണ് ആക്സിയം 4. മുപ്പത്തിയൊമ്പതുകാരനായ ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയ്ക്ക് പുറമെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്എ), സ്ലാവോസ് ഉസ്നാൻസ്കി-വിസ്‌നിയേവ്സ്‌കി (പോളണ്ട്), ടിബോർ കപു (ഹംഗറി) എന്നിവരാണ് ആക്സിയം 4 ദൗത്യത്തിലെ മറ്റ് അംഗങ്ങൾ. പരിചയസമ്പന്നയായ നാസ മുൻ ആസ്ട്രോണറ്റും ഇപ്പോൾ ആക്സിയം സ്പേസിൻറെ മനുഷ്യ ബഹിരാകാശ യാത്രകളുടെ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ആക്സിയം 4 ദൗത്യത്തിൻറെ കമാൻഡർ.


ആക്സിയം 4 ദൗത്യ സംഘത്തെ വഹിച്ചുള്ള ഡ്രാഗൺ പേടകം സ്പേസ് എക്സിൻറെ ഫാൽക്കൺ 9 റോക്കറ്റ് മെയ് 29ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെൻററിൽ നിന്ന് വിക്ഷേപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിന് ശേഷം ജൂൺ 8, 10, 11 തീയതികളും നിശ്ചയിച്ചെങ്കിലും ദൗത്യം നടന്നില്ല. ആദ്യം കാലവസ്ഥാ പ്രശ്നങ്ങളും, പിന്നീട് ഫാൽക്കൺ 9 റോക്കറ്റിൽ ദ്രവീകൃത ഓക്സിജൻ ചോർച്ച കണ്ടെത്തിയതും ദൗത്യം വൈകിപ്പിച്ചു. ബഹിരാകാശ നിലയത്തിലെ റഷ്യൻ മൊഡ്യൂളിൽ (സ്വെസ്ദ) മർദ്ദ വ്യതിയാനം കണ്ടെത്തിയത് ദൗത്യം വൈകാൻ ഒടുവിൽ കാരണമായി. വിക്ഷേപണം വൈകിയതോടെ നിലവിൽ ശുഭാംശു ശുക്ലയും സംഘവും ക്വാറൻറീനിൽ തുടരുകയാണ്


ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിക്കുന്ന ആദ്യ ഇന്ത്യനുമാവാനാണ് ശുഭാംശു ശുക്ല തയ്യാറെടുക്കുന്നത്. 1984-ൽ രാകേഷ് ശർമ്മയാണ് ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യക്കാരൻ. റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകത്തിൽ രാകേഷ് ശർമ്മ നടത്തിയ ഐതിഹാസിക ബഹിരാകാശ യാത്രയ്ക്ക് നാല് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശുഭാംശു ശുക്ല ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നത്. ആക്സിയം 4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അനവധി പരീക്ഷണങ്ങൾ നടത്തും.

Previous Post Next Post