ആലപ്പുഴ, ചെല്ലാനം തീരങ്ങളില്‍ വാതക കണ്ടെയ്‌നര്‍ അടിഞ്ഞു; തീപിടിത്തമുണ്ടായ വാന്‍ഹായ് കപ്പലിലേതെന്ന് നിഗമനം

കൊച്ചി: ആലപ്പുഴയിലും എറണാകുളത്തും തീരത്ത് വാതക കണ്ടെയ്‌നർ ( container ) അടിഞ്ഞു. പുറംകടലിൽ തീപിടിത്തമുണ്ടായ വാൻഹായ് ചരക്കു കപ്പലിൽ ( MV Wan Hai 503 ) നിന്നുള്ളതാണ് കണ്ടെയ്‌നറുകളെന്നാണ് വിലയിരുത്തൽ. അമ്പലപ്പുഴ നോർത്ത് പഞ്ചായത്തിലെ വളഞ്ഞവഴി- കാക്കാഴം തീരത്തും, എറണാകുളം ചെല്ലാനം തീരത്തുമാണ് കണ്ടെയ്‌നറുകൾ അടിഞ്ഞത്. ചെല്ലാനം കടൽഭിത്തിയിലാണ് കണ്ടെയ്‌നർ അടിഞ്ഞിട്ടുള്ളത്.


അമ്പലപ്പുഴയിൽ അടിഞ്ഞ വാതക കണ്ടെയ്നറിൽ 22കെഎക്സ് (22KX) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെയ്നർ തീരത്തടിഞ്ഞതോടെ വളഞ്ഞവഴി -കാക്കാഴം കടപ്പുറത്ത് നാട്ടുകാർ തടിച്ചുകൂടി. വിവരമറിഞ്ഞ് പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.


നേരത്തെ ചരക്കുകപ്പലിലെ ലൈഫ് ബോട്ടും ആലപ്പുഴ കടപ്പുറത്ത് അടിഞ്ഞിരുന്നു. ലൈഫ് ബോട്ട് തീരത്തിനു സമീപത്തെ മരത്തിൽ കെട്ടിയിട്ടിരിക്കുകയാണ്. ആലപ്പുഴയിലേക്ക് കൂടുതൽ കണ്ടെയ്‌നർ വരാൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പു ലഭിച്ചിട്ടുള്ളതെന്ന് ആലപ്പുഴ ജില്ലാ കലക്ടർ അലക്‌സ് വർഗീസ് പറഞ്ഞു. വാൻഹായ് കപ്പലിനെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.


കൊച്ചി, ആലപ്പുഴ, കൊല്ലം തീരങ്ങളിൽ തീപിടിത്തമുണ്ടായ കപ്പലിലെ കണ്ടെയ്‌നറുകളും അവശിഷ്ടങ്ങളും അടിയുകയെന്ന് ദുരന്ത നിവാരണ അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കപ്പൽ നിലവിൽ 57 നോട്ടിക്കൽ മൈൽ അകലെയാണുള്ളത്. കപ്പലിലെ തീ നിയന്ത്രണവിധേയമാണെങ്കിലും, ഇപ്പോഴും പുക ഉയരുന്നുണ്ട്. കപ്പലിൽ 157 അപകടകാരികളായ വസ്തുക്കൾ ഉണ്ടെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.


ആസിഡ്, ലിഥിയം ബാറ്ററി, വെടിമരുന്നുകൾ തുടങ്ങിയവയാണ് കപ്പിലുണ്ടായിരുന്നത്. കപ്പൽചാലിൽ ഒരു കണ്ടെയ്‌നർ ഒഴുകിനടക്കുന്നതായി മറ്റൊരു കപ്പലിൽ നിന്നും കൊച്ചിൻ പോർട്ടിന് വിവരം ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്. കപ്പലിൽ കാണാതായ നാലുപേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തീപിടിത്തത്തിൽ പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്.

Previous Post Next Post