തിരുവനന്തപുരം: കനത്തമഴയിൽ (kerala rain) അപടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. വിവിധ ജില്ലകളിലെ നദികളിൽ സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി
ഓറഞ്ച് അലർട്ട്
കാസർകോട് : ഉപ്പള (ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ)
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ)
മഞ്ഞ അലർട്ട്
തിരുവനന്തപുരം : വാമനപുരം (മൈലംമൂട് സ്റ്റേഷൻ), കരമന (വെള്ളൈക്കടവ് സ്റ്റേഷൻ- CWC)
കൊല്ലം : പള്ളിക്കൽ (ആനയടി സ്റ്റേഷൻ)
പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി ഏഉ സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ -CWC), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC)
ഇടുക്കി: തൊടുപുഴ (മണക്കാട് സ്റ്റേഷൻ- CWC)
എറണാകുളം: മൂവാറ്റുപുഴ (കക്കടാശ്ശേരി & തൊടുപുഴ സ്റ്റേഷൻ),
തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)
കോഴിക്കോട് : കോരപ്പുഴ (കുന്നമംഗലം & കൊള്ളിക്കൽ സ്റ്റേഷൻ )
കണ്ണൂർ : പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ)
കാസർകോട്: കാര്യങ്കോട് (ഭീമനടി സ്റ്റേഷൻ)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
കാലവർഷം ശക്തം
സംസ്ഥാനത്ത് കാലവർഷം ശക്തമാണ്. കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 17 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് (heavy rain ) സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ പരമാവധി 40 - 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തെക്കൻ മഹാരാഷ്ട്രയ്ക്ക് മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നു. മറ്റൊരു ചക്രവാതചുഴി വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നു. കേരളത്തിന് മുകളിൽ ശക്തമായ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായിട്ടാണ് കേരളത്തിൽ മഴ വീണ്ടും ശക്തമായത്.
സംസ്ഥാനത്തെ അഞ്ചു വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണുള്ളത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളിൽ ഓറഞ്ച് അലർട്ടും മൂന്നു ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പാലക്കാട്, തൃശൂർ, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. നാളെ ഏഴു വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.