ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ യുദ്ധം ( Iran Israel Conflict ) രൂക്ഷമാകുന്നു. ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാൻ റവലൂഷനറി ഗാർഡ് കോർ ഇന്റലിജൻസ് മേധാവി മുഹമ്മദ് കസേമിയും രണ്ട് ഉപമേധാവികളും കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്. 50 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇറാനിലെ 80 കേന്ദ്രങ്ങളിൽ ഞായറാഴ്ച ആക്രമണം നടത്തിയതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ് (ഐ ഡി എഫ്) പറഞ്ഞു.
മധ്യ, വടക്കൻ ഇസ്രയേലിലെ വിവിധയിടങ്ങളിൽ ഇറാൻ നടത്തിയ ശക്തമായ ബാലിസ്റ്റിക് മിസൈലാക്രമണത്തിൽ അഞ്ച് യുക്രൈൻ സ്വദേശികളുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. 200-ലേറെപ്പേർക്ക് പരിക്കേറ്റു. ഇറാന്റെ ആക്രമണത്തിൽ ഇസ്രയേലിൽ ആകെ മരണം 13 ആയി. ഇസ്രയേലിലെ ബാത്ത് യാമിൽ 61 കെട്ടിടങ്ങൾ ഇറാന്റെ ആക്രമണത്തിൽ തകർന്നു. ഏഴു പേർ കൊല്ലപ്പെട്ടു. ഇവിടെ 180 ഓളം പേർക്ക് പരിക്കേൽക്കുകയും നാലുപേരെ കാണാതാവുകയും ചെയ്തതായി ഇസ്രയേൽ പൊലീസ് അറിയിച്ചു.
ഇസ്രയേലിലെ പ്രധാന നഗരങ്ങളായ ടെൽ അവിവ്, ജറുസലേം, ഹൈഫ എന്നിവ ലക്ഷ്യമാക്കി ഇറാൻ ആക്രമണം അഴിച്ചുവിട്ടു. തുറമുഖ നഗരമായ ഹൈഫയിൽ ഇറാന്റെ മിസൈൽ പതിച്ചു. ഇതേത്തുടർന്ന് ഹൈഫയിൽ വൻ തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നാല് പേർക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക റിപ്പോർട്ട്. വടക്കൻ ഇസ്രയേലിലെ തംറയിൽ മിസൈലാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു. 24 പേർക്ക് പരിക്കേറ്റു. മധ്യ ഇസ്രായേലിലെ റെഹോവോതിൽ ഇറാൻ ആക്രമണത്തിൽ 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിൽ നിന്ന് 2300 കിലോമീറ്റർ അകലെ ഇറാൻറെ ഇന്ധന ടാങ്കർ വിമാനം ഇസ്രയേൽ വ്യോമസേന ആക്രമിച്ച് തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇനി മിസൈലുകൾ വിക്ഷേപിച്ചാൽ ടെഹ്റാൻ കത്തുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ആക്രമണം തുടർന്നാൽ ഇറാൻ കനത്ത വില നൽകേണ്ടിവരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇറാൻ ആക്രമണം ശക്തമാക്കിയതിനെതുടർന്ന് മധ്യ, വടക്കൻ ഇസ്രയേലിലെ ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ഇസ്രായേൽ നിർദേശം നൽകി. ഇസ്രായേലിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ബ്രിട്ടൻ തങ്ങളുടെ പൗരന്മാരോട് നിർദേശിച്ചിട്ടുണ്ട്.