ഇസ്രയേലിനെ പിന്തുണച്ചും ഇറാനെ തള്ളിയും ജി7 രാജ്യങ്ങൾ, ഇടയ്ക്കു വച്ചു മടങ്ങി ട്രംപ്; ഉച്ചകോടിക്ക് ഇന്ന് സമാപനം

 

ഒട്ടാവ: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ മിഡിൽ ഈസ്റ്റിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തണമെന്ന് ആഹ്വാനം ചെയ്ത് ജി 7 (G7 summit ) രാജ്യങ്ങൾ. സംഘർഷത്തിന് അയവു വരുത്തണമെന്നും നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള പിന്തുണ ഞങ്ങൾ ആവർത്തിക്കുന്നു, ജി 7 നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക അസ്ഥിരതയുടേയും ഭീകരതയുടേയും പ്രധാന ഉറവിടം ഇറാൻ ആണ്. ഇറാന് ഒരിക്കലും ആണവായുധം കൈവശം വെയ്ക്കാൻ കഴിയില്ലെന്ന നിലപാട് തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്, നേതാക്കൾ പറഞ്ഞു.


അന്താരാഷ്ട്ര ഊർജ്ജ വിപണികളിലെ പ്രത്യാഘാതങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുകയും വിപണി സ്ഥിരത സംരക്ഷിക്കുന്നതിന് സമാന ചിന്താഗതിക്കാരായ രാജ്യങ്ങളെ പങ്കാളികളാക്കിക്കൊണ്ട് ഏകോപിപ്പിക്കാൻ തയ്യാറാകുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു. ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തും. ഞായറാഴ്ച ആരംഭിച്ച ഉച്ചകോടിക്ക് ഇന്ന് സമാപനമാകും. അതേസമയം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്ദർശനം വെട്ടിച്ചുരുക്കി തിരികെ മടങ്ങി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ നിന്ന് എത്രയും വേഗം ആളുകൾ ഒഴിഞ്ഞു പോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഒപ്പിടാൻ പറഞ്ഞ കരാറിൽ ഇറാൻ ഒപ്പിടേണ്ടതായിരുന്നു. അവർ അത് ചെയ്തില്ലെന്നും ട്രംപ് വ്യക്തമാക്കി.


ജി 7 കൂട്ടായ്മയിലെ ഏതാണ്ടെല്ലാ രാജ്യങ്ങളും ഇസ്രയേലിനെ പിന്തുണക്കുന്നവരാണ്. കാനഡയിലെ കനാനാസ്‌കിസിൽ മൂന്ന് ദിവസമായി നടക്കുന്ന ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയം ഇറാൻ-ഇസ്രയേൽ സംഘർഷമാണ്. ഇസ്രയേലിന്റെ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ പിന്നോട്ടടിച്ചതായാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്താവന. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയാണ് ജി7 ഉച്ചകോടിയുടെ അധ്യക്ഷൻ.

Previous Post Next Post