കൊച്ചി: മലപ്പുറം കൂര്യാട് ദേശീയ പാത 66 (NH 66) തകർന്നത് നിർമാണത്തിലെ പിഴവ് മൂലമല്ലെന്ന് നിർമാണ കമ്പനി. അപ്രതീക്ഷിതമായ ഭൂഗർഭ സാഹചര്യങ്ങൾ പ്രശ്‌നങ്ങൾക്ക് കാരണമായെന്നാണ് കമ്പനിയുടെ വിശദീകരണം. കൂരിയാട് ഉൾപ്പെടുന്ന രാമനാട്ടുകര - വളാഞ്ചേരി റീച്ചിന്റെ നിർമാണം നടത്തുന്ന കെ എൻ ആർ കൺസ്ട്രക്ഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ ജലന്ധർ റെഡ്ഡിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പാതയുടെ നിർമാണത്തിൽ ഒരു തരത്തിലുമുള്ള അപാകതകളും സംഭവിച്ചിട്ടില്ല. ഭൂമിയുടെ പാളികൾ ദുർബലമായും ഇവിടെ ചെളി നിറഞ്ഞ മണ്ണിന്റെ പോക്കറ്റുകൾ രൂപം കൊണ്ടതുമാണ് പാത തകരാൻ ഇടയാക്കിയത് എന്നാണ് കമ്പനിയുടെ സാമ്പത്തിക കാര്യങ്ങളുമായി ബന്ധപ്പെട്ട ചർച്ചയിൽ നൽകുന്ന വിശദീകരണം. നിർമാണത്തിൽ ഉടനീളം പ്രോട്ടോകോളുകൾ പാലിക്കപ്പെട്ടിട്ടുണ്ട്. പാത തകർന്ന ഭാഗം പൂർണമായും വെള്ളക്കെട്ട് നിറഞ്ഞതാണ്. മണ്ണിനടിയിലും അടിത്തറയും സംബന്ധിച്ച് പരിശോധന നടത്തിയിരുന്നു. കമ്പനിക്ക് ഒരു പിഴവും സംഭവിച്ചിട്ടില്ല. കെഎൻആർസി പ്രൊമോട്ടറും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ കെ ജലന്ധർ റെഡ്ഡിയെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
സ്ട്രാറ്റ ജിയോസിസ്റ്റംസ് എന്ന പ്രശസ്ത കമ്പനിയുടെ പിന്തുണയോടെയാണ് അപ്രോച്ച് റാമ്പ് നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിന് മുൻപ് ഡിസൈൻ കൃത്യമായി പരിശോധിച്ചിരുന്നു. അപ്പോഴും അപകട സാധ്യത കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിശകലന വിദഗ്ധരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കമ്പനി ഡയറക്ടർ അറിയിച്ചു. റോഡ് തകർന്ന സ്ഥലത്ത് വയഡക്ട് നിർമ്മിക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതിനായി 25 മുതൽ 30 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നു. റാഡിന്റെ 15 വർഷത്തെ അറ്റകുറ്റപ്പണി കമ്പനിയുടെ ഉത്തരവാദിത്തമാണ്. ഈ സാഹചര്യത്തിൽ ഭാവിയിൽ സമാനമായ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് തടയാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും കെ ജലന്ധർ റെഡ്ഡി വ്യക്തമാക്കുന്നു.
രാമനാട്ടുകരയ്ക്കും വളാഞ്ചേരിക്കും ഇടയിലുള്ള 39.7 കിലോമീറ്റർ വരുന്ന ദേശീയപാത പാത 66 ഹൈബ്രിഡ് ആന്വിറ്റി മോഡൽ പ്രകാരമാണ് നിർമിക്കുന്നത്. 2,150 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ 95 ശതമാനം നിർമാണം പൂർത്തിയായതായും കമ്പനി വിശദീകരിക്കുന്നു.