കൊച്ചിയില്‍ കപ്പല്‍ മുങ്ങിയ സംഭവം; കമ്പനിക്കെതിരെ ഉടന്‍ കേസെടുക്കില്ല, ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമം

തിരുവനന്തപുരം: എംഎസ്‍സി എൽസ 3 കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ സംഭവത്തിൽ കമ്പനിക്കെതിരെ ഉടൻ ക്രിമിനൽ കേസ് എടുക്കേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനം. കേസിന് പകരം ഇൻഷുറൻസ് ക്ലെയിമിന് ശ്രമിക്കാനും നിർദേശം നൽകി. കേന്ദ്ര ഷിപ്പിങ് മന്ത്രാലയവുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.


മെയ് 29-നാണ് മുഖ്യമന്ത്രിയും കേന്ദ്രസർക്കാരിനു കീഴിലുള്ള ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ്ങും തമ്മിൽ ചർച്ച നടത്തിയത്. എൽസ 3 എന്ന കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് വലിയ നാശനഷ്ടങ്ങളുണ്ടായി. എന്നാൽ കമ്പനിയെ ക്രിമിനൽ കേസിലേക്കു വലിച്ചിഴയ്ക്കാതെ, ഇൻഷുറൻസ് കമ്പനിയിൽ നിന്നുള്ള ക്ലെയിം വഴി മാത്രം പരിഹാരം കണ്ടെത്താനാണു സർക്കാർ ശ്രമിക്കുന്നത്.


വിഴിഞ്ഞം തുറമുഖത്തേക്ക് ഏറ്റവുമധികം കപ്പലുകൾ എത്തുന്നത് എം.എസ്.സി കമ്പനിയുടെ ഉടമസ്ഥതയിലുള്ളവയാണ്. കമ്പനിയുമായി നിയമപ്രശ്നത്തിലേക്ക് പോയി ബന്ധം വഷളാക്കേണ്ടതില്ല എന്നതിനാൽ ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടുപോയാൽ മതിയെന്നാണ് സംസ്ഥാനത്തിന്റെ തീരുമാനം. മെയ് 25-നാണ് കൊച്ചി തീരത്തിന് സമീപം കപ്പൽ മുങ്ങി അപകടമുണ്ടാകുന്നത്. 29-ന് മുഖ്യമന്ത്രി പിണറായി വിജയനും ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് ശ്യാം ജഗന്നാഥനും തിരുവനന്തപുരത്തുവെച്ച് ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.

Previous Post Next Post