കൊച്ചി: കിറ്റെക്‌സ് എം ഡി സാബു ജേക്കബിന് മറുപടിയുമായി കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജിൻ ( P V Sreenijin ). 'കിഴക്കമ്പലവും ' ആരുടേയും പിതൃസ്വത്തല്ല.... മനസ്സിലാക്കിയാൽ നന്ന്....' ശ്രീനിജിൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. കേരളം ആരുടെയും പിതൃസ്വത്തല്ലെന്ന് വ്യവസായമന്ത്രി പി രാജീവിന്റെ പ്രതികരണത്തിന് മറുപടിയായി സാബു ജേക്കബ് പറഞ്ഞിരുന്നു. ഇതിലാണ് ശ്രീനിജന്റെ പ്രതികരണം.
ആന്ധ്രപ്രദേശിൽ കിറ്റെക്‌സിന്റെ നിക്ഷേപം ക്ഷണിച്ചുകൊണ്ട് ആന്ധ്രമന്ത്രി സവിത, കിറ്റെക്‌സ് എംഡി സാബു ജേക്കബിനെ കണ്ടത് വാർത്തയായിരുന്നു. കേരളത്തിൽ മികച്ച വ്യവസായ അന്തരീക്ഷമാണെന്നും കിറ്റെക്‌സ് കമ്പനിയെ ഇവിടെനിന്ന് ആരും ഓടിച്ചിട്ടില്ലെന്നും വ്യവസായ മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു മറുപടിയായി കേരളം ആരുടേയും പിതൃസ്വത്തല്ലെന്നും നിക്ഷേപം എപ്പോൾ, എവിടെ നടത്തണമെന്ന് താൻ തീരുമാനിക്കുമെന്നും സാബു എം ജേക്കബ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ 60 വർഷം മുൻപ് ചെറു വ്യവസായം തുടങ്ങി അധ്വാനിച്ചവരാണ് തങ്ങളെന്ന് സാബു ജേക്കബ് പറഞ്ഞു. ഇവർക്കും 10 പേർക്ക് തൊഴിൽ കൊടുക്കാമായിരുന്നല്ലോ. അവർ ആളെ പറ്റിച്ച് ജീവിക്കുകയാണ്. സർക്കാരോ പി രാജീവോ ഇടതുപക്ഷമോ ഒരു ആനുകൂല്യവും ഞങ്ങൾക്ക് നൽകിയിരുന്നില്ല. മനസ്സമാധാനം വേണമെങ്കിൽ സ്വയം തീരുമാനിക്കണമെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയക്കാരെ സേവിച്ചാൽ സാമാധാനമുണ്ടാകുമെന്നാണ് മന്ത്രി ഉദ്ദേശിച്ചത്. കാണേണ്ടവരെ കാണേണ്ട രീതിയിൽ കണ്ടു കൊണ്ടേയിരിക്കണമെന്നാണ് ആ പറഞ്ഞതിന്റെ അർത്ഥമെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിൽ വരുന്ന വ്യവസായങ്ങളിൽ 50 ലക്ഷം രൂപയിൽ കൂടുതൽ ശമ്പളം കൊടുക്കുന്നവരെയാണ് ഞങ്ങൾ നോക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. കിറ്റക്‌സിനെ പോലെ 10000 രൂപയല്ലെന്ന് പറഞ്ഞു. കിറ്റക്‌സ് സമൂഹത്തിൽ അവശത അനുവഭിക്കുന്നവരെയാണ് ജോലിക്ക് വിളിക്കുന്നത്. അവർക്ക് വർഷം അഞ്ച് ലക്ഷത്തിന് മുകളിൽ ശമ്പളവും സൗജന്യ ഭക്ഷണവും താമസവും കൊടുക്കുന്നുണ്ട്. മറ്റ് ആനുകൂല്യങ്ങളും കൃത്യമായി കൊടുക്കുന്നുണ്ട്. സാബു ജേക്കബ് പറഞ്ഞു.
സാബു ജേക്കബിന്റെ ആ സ്ഥാപനം ഇത്രയും വളർന്ന് കേരളത്തിന്റെ മണ്ണിലാണ് എന്ന് മന്ത്രി രാജീവ് പറഞ്ഞു. ഇന്ന് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയായത് ഇവിടെത്തന്നെ പ്രവർത്തിച്ചിട്ടല്ലേ? കേരളം വിടുന്നു എന്നുപറഞ്ഞവർ ഇതുവരെ കേരളത്തിലല്ലാതെ എവിടെയും വ്യവസായം തുടങ്ങിയിട്ടില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ രാഷ്‌ട്രീയതാൽപ്പര്യമുണ്ടാകും. വ്യവസായികളുടെ അഭിപ്രായമാണ് വേണ്ടതെങ്കിൽ ഫിക്കിയോടോ സിഐഐയോടോ കെഎസ്‌എസ്‌ഐഎയോടോ ചോദിക്കണമെന്നും മന്ത്രി രാജീവ് പറഞ്ഞു.